rgcb

തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി (ആർ.ജി.സി.ബി) ആക്കുളത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസ് രാജ്യത്തിന് സമർപ്പിക്കാൻ തയ്യാറായതായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ പറഞ്ഞു. ശ്രീ ഗുരുജി മാധവ സദാശിവ ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്‌ഷൻ എന്നാണ് ഇത് അറിയപ്പെടുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന്റെ (ഐ.ഐ.എസ്.എഫ്) ആതിഥേയ സ്ഥാപനമായ ആർ.ജി.സി.ബി.യിൽ നടന്ന ആമുഖ സമ്മേളനത്തിൽ നൽകിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ആർ.എസ്.എസിന്റെ രണ്ടാമത്തെ സർസംഘചാലകും തത്വസംഹിതയായ വിചാരധാരയുടെ കർത്താവുമാണ് ഗോൾവാൾക്കർ.

അർബുദ ഔഷധങ്ങളുടെ പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം,സ്റ്റെം സെൽ മാറ്റിവയ്ക്കൽ, ജീൻ ചികിത്സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അർബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവ ഇവിടെയുണ്ടാകും. ഇതു കൂടാതെ നിക്ഷേപകർ, സംരംഭകർ, ബയോടെക്, ബയോ ഫാർമ കമ്പനികൾ തുടങ്ങിയവർക്ക് ടെസ്റ്റ് ആൻഡ് പ്രൂഫിനായി അത്യാധുനിക സംവിധാനം ലഭ്യമാക്കും. ബയോടെക് സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേറ്റർ സംവിധാനവും ഇവിടെയുണ്ടാകും