ned

നെടുമങ്ങാട്:നഗരസഭ അദ്ധ്യക്ഷ സ്ഥാനം പട്ടികജാതി വനിതാ സംവരണമായതോടെ 39 അംഗ നെടുമങ്ങാട് മുനിസിപ്പൽ കൗൺസിലേക്കുള്ള തിരഞ്ഞെടുപ്പിൽ പറമുട്ടം,നെട്ട,മന്നൂർക്കോണം സംവരണ സീറ്റുകളിൽ ഉശിരൻ പെൺപോര്.പറമുട്ടത്ത് മത്സരിക്കുന്ന ആശാ വോളന്റിയർ എസ്.ശ്രീജയാണ് സി.പി.എമ്മിന്റെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥികളിൽ പ്രമുഖ. ബി.ജെ.പി സ്ഥാനാർത്ഥിയുടെ അഭാവത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് നേർക്കുനേർ പോരാടുന്ന ഇവിടെ,രണ്ടുതവണ കൗൺസിലറായിട്ടുള്ള കോൺഗ്രസിന്റെ ജെ.ഗീത പുതുമുഖമായ ശ്രീജയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.മുൻ കൗൺസിലർമാരും ബന്ധുക്കളുമായ കെ.ശ്യാമളയും എസ്.വിനോദിനിയും എൽ.ഡി.എഫിനും ബി.ജെ.പിക്കും വേണ്ടി ഏറ്റുമുട്ടുന്ന നെട്ടയിൽ യു.ഡി.എഫ് രംഗത്തിറക്കിയ സ്വാതന്ത്ര്യസമരസേനാനി കെ.പി. മാധവന്റെ മകൾ മീര കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. മന്നൂർക്കോണം പട്ടികജാതി ജനറൽ സംവരണ സീറ്റായതിനാൽ യു.ഡി.എഫിന്റെ എസ്.രാജേന്ദ്രനോടാണ് സി.പി.എമ്മിന്റെ രണ്ടാമത്തെ അദ്ധ്യക്ഷ സാരഥി രജിത പോരടിക്കുന്നത്. ബി.ജെ.പിയുടെ മായയും ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്. കഴിഞ്ഞതവണ ബി.ജെ.പി നേടിയ കല്ലുവരമ്പ്‌,നെട്ട,മണക്കോട് വാർഡുകൾ പിടിക്കാൻ എൽ.ഡി.എഫും യു.ഡി.എഫും സർവ തന്ത്രങ്ങളും പയറ്റുന്നുണ്ട്. ഇരിഞ്ചയത്തും ടൗണിലും കോൺഗ്രസ് റിബൽ സ്ഥാനാർത്ഥികൾ യു.ഡി.എഫിനെ വലയ്ക്കുകയാണ്.കൊല്ലങ്കാവ്,പൂവത്തൂർ,കണ്ണാരംകോട്, മണക്കോട്,തറട്ട,കച്ചേരി, കല്ലുവരമ്പ്‌,വാണ്ട സീറ്റുകളിലെ മത്സരവും ആകാംക്ഷാഭരിതമാണ്. ദീർഘകാലം ചെയർമാനും അഞ്ച് തവണ കൗൺസിലറുമായിട്ടുള്ള വട്ടപ്പാറ ചന്ദ്രനും കഴിഞ്ഞ കൗൺസിലിൽ വൈസ് ചെയർപേഴ്‌സണായിരുന്ന സി.പി.ഐയുടെ ലേഖാ വിക്രമനും ബി.ജെ.പി സംസ്ഥാന സമിതിയംഗം പൂവത്തൂർ ജയനും ഏറ്റുമുട്ടുന്ന പൂവത്തൂരാണ് ഇതിൽ പ്രധാനം. കഴിഞ്ഞ കൗൺസിലിലെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.അർജുനനും മുൻ കൗൺസിലർ എൽ.ഡി.എഫിലെ പുലിപ്പാറ കൃഷ്ണനും ബി.ജെ.പിക്കായി യുവമോർച്ച നേതാവ് കൊല്ലങ്കാവ് മണിക്കുട്ടനും ഏറ്റുമുട്ടുന്ന കൊല്ലങ്കാവിൽ തീപാറും പോരാട്ടമാണ്. ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയനും നിരവധി കൗൺസിലുകളിൽ കൗൺസിലറായിട്ടുള്ള എൻ.ആർ ബൈജുവും കണ്ണാരംകോട് വാർഡിൽ ഒപ്പത്തിനൊപ്പമാണ്. ബി.ജെ.പിയുടെ മോഹനൻ നായരും ഒട്ടും പിന്നിലല്ല.കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാമത് എത്തിയ സീറ്റാണിത്.ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ മണക്കോട് പിടിക്കാൻ രണ്ടു കൗൺസിലുകളിൽ അംഗങ്ങളായിട്ടുള്ള യു.ഡി.എഫിലെ കെ.ജെ. ബിനുവും എൽ.ഡി.എഫിലെ ബി.സതീശനും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ്.സീറ്റ് നിലനിറുത്താൻ ബി.ജെ.പി കളത്തിലിറക്കിയ രതീഷ് ചന്ദ്രനും ഒപ്പത്തിനൊപ്പമുണ്ട്. നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കെ.എസ്.യു പ്രവർത്തക ആദിത്യയും യുവമോർച്ച നേതാവ് കെ.രേവതിയുമായി മുൻ നഗരസഭാദ്ധ്യക്ഷ ലേഖാ സുരേഷ് ഏറ്റുമുട്ടുന്ന കച്ചേരി സീറ്റ് എൽ.ഡി.എഫിന് വളരെ പ്രധാനപ്പെട്ടതാണ്.കഴിഞ്ഞതവണ ബി.ജെ.പിക്ക് അഭിമാന വിജയം സമ്മാനിച്ച കല്ലുവരമ്പ്‌ വാർഡിൽ സിറ്റിംഗ് കൗൺസിലർ ബി.ഗീതാ വേണുവിനെതിരെ എൽ.ഡി.എഫിന്റെ രാജേന്ദ്രൻ നായർ ശ്രദ്ധേയ മത്സരമാണ് കാഴ്ച വയ്ക്കുന്നത്. മുമ്പ് സ്വതന്ത്രനായും അല്ലാതെയും രാജേന്ദ്രൻ നായർ മൂന്ന് തവണ ഇവിടെ നിന്ന് ജയിച്ചു കയറിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവ് ഷമീറും ഒപ്പത്തിനൊപ്പമാണ്.ബി.ജെ.പിയുടെ സിറ്റിംഗ് കൗൺസിലർ സുമയ്യ മനോജ് വീണ്ടും ജനവിധി തേടുന്ന വാണ്ടയിൽ കോൺഗ്രസിന്റെ വാണ്ട സതീഷും സി.പി.ഐയുടെ മഹേന്ദ്രനാചാരിയും ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നുണ്ട്.