general

ബാലരാമപുരം: കഴിഞ്ഞ ദിവസം തയ്ക്കാപള്ളിക്ക് സമീപം വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് കണ്ണീരോടെ വിട. നിനച്ചിരിക്കാതെയുള്ള മരണവാർത്ത നാട്ടുകാരെ നടുക്കി. കളിച്ചു ചിരിച്ചു കൂടെയുണ്ടായിരുന്ന ഷർമാനും ഷഫീനും ഇനി ഇല്ലെന്ന് അറിഞ്ഞപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും പൊട്ടിക്കരഞ്ഞു. വിലാപയാത്രയായി ഇന്നലെ 3.30 കഴിഞ്ഞ് മൃതദേഹം വീട്ടിലെത്തിച്ചു. ഷർമാന്റെയും ഷഫീറിന്റെയും മൃതദേഹത്തോടൊപ്പം സുഹൃത്തുകളുടെ ബൈക്കുകൾ അകമ്പടിയായി റോഡിൽ നിരന്നു. രണ്ട് ആംബുലൻസുകളിലായാണ് മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേർ വീട്ടിലെത്തിയിരുന്നു. നാല് സെന്റ് സ്ഥലത്തിൽ ഷീറ്റ് മേഞ്ഞമേൽക്കൂരയിൽ താങ്ങാൻ കഴിയാത്ത വേദനയുമായി ഈ മാതാപിതാക്കൾ ഇനി തനിച്ചാണ്. കൂലിത്തൊഴിലാളിയായ ബാപ്പയ്ക്കും ഉമ്മയ്ക്കും വീട് വച്ച് നൽകണമെന്ന മക്കളുടെ സ്വപ്നം ഇനി ബാക്കി. പാപ്പനംകോട് പച്ചക്കറിക്കടയിലെ ജീവനക്കാരനാണ് ഷർമാൻ. സംഭവ ദിവസം വെള്ളായണിയിൽ ഒരു കടയിൽ അനുജന് കൂടി ജോലി തരപ്പെടുത്തി രണ്ടുപേരും ഒരുമിച്ചാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിലെ പ്രാരാബ്ധമകറ്റാൻ 18 വയസായ കുഞ്ഞനുജനും ജോലി ആവശ്യമാണെന്ന് ഷർമാൻ കരുതി. ആദ്യദിവസം കിട്ടിയ ശമ്പളവുമായി ഇരുവരും മടങ്ങി വരവേയായിരുന്നു അത്യാഹിതം. ഒരിക്കലും വേറിടാത്ത മനസുകളുടെ യാത്രയും ഒരുമിച്ചായി. കക്ഷിരാഷ്ട്രീയഭേദമെന്യേ സ്ഥാനാർത്ഥികളടക്കം നിരവധി പേർ സഹോദരങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.