online-taxi

തിരുവനന്തപുരം: ഓൺലൈൻ ടാക്‌സി സർവീസുകളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന അഗ്രഗേറ്റർ നയത്തിൽ സംസ്ഥാനത്തിനുള്ള എതിർപ്പ് കേന്ദ്രസർക്കാരിനെ അറിയിക്കും. കേന്ദ്രസർക്കാരിന്റെ മാർഗരേഖ അംഗീകരിക്കുന്നതിന് പകരം സംസ്ഥാനത്തെ പെർമിറ്റ് വ്യവസ്ഥകൾക്ക് അനുയോജ്യമായ വിധത്തിൽ പുതിയമാർഗരേഖ ഇറക്കാൻ മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
കേന്ദ്ര മാർഗരേഖയിലെ വിയോജിപ്പുകൾ അറിയിക്കുന്നതിനായി ഗതാഗതസെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മിഷണർ എം.ആർ. അജിത്കുമാർ എന്നിവരെ മന്ത്രി എ.കെ ശശീന്ദ്രൻ ചുമതലപ്പെടുത്തി. സമിതി ബുധനാഴ്ച വീണ്ടും യോഗം ചേർന്ന് അന്തിമറിപ്പോർട്ട് തയാറാക്കും.
സംസ്ഥാനത്തും ഓൺലൈൻ ടാക്‌സി സർവീസ് ഉള്ളതിനാൽ ഇവയെ നിയന്ത്രിക്കാൻ വ്യവസ്ഥ വേണ്ടതുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സിക്കും സ്വകാര്യ ബസുകൾക്കും ഭീഷണിയാകുന്ന വിധത്തിൽ കുത്തക കമ്പനികളെ അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാനസർക്കാരിന്റെ തീരുമാനം.