
കേരളത്തിലെ ഒന്നാമത്തെ വോട്ടർ കഴക്കൂട്ടത്ത്
കഴക്കൂട്ടം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഒന്നാമത്തെ വോട്ടർ, അപൂർവ നേട്ടം സ്വന്തമാക്കിയ കഴക്കൂട്ടം സ്വദേശിനിയും മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയുമായ അമാന എൻ. നാസർ (22) ഏറെ സന്തോഷത്തിലാണ്. കഴക്കൂട്ടം വാറുവിളാകത്തു വീട്ടിൽ നാസറുദ്ദീൻ-നസീമ ദമ്പതികളുടെ മൂത്തമകളായ അമാന, ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയാണ്.
സംസ്ഥാനത്തെ ഒന്നാമത്തെ ജില്ല തിരുവനന്തപുരവും ഒന്നാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരുവനന്തപുരം കോർപറേഷനുമാണ്. കോർപറേഷനിലെ ഒന്നാം വാർഡ് കഴക്കൂട്ടവും. വാർഡിലെ ഒന്നാമത്തെ ബൂത്ത് കഴക്കൂട്ടം സെന്റ് ആന്റണീസ് എൽ.പി സ്‌കൂളായതോടെയാണ് ഈ ബൂത്തിലെ ഒന്നാം വോട്ടറായ അമാന എൻ. നാസർ കേരളത്തിൽ ഒന്നാമതായത്.
ലോക്‌സഭ തിരഞ്ഞെടുപ്പിലായിരുന്നു അമാനയുടെ കന്നി വോട്ട്. ഇത്തവണ ജനങ്ങളുടെ നന്മക്കും നാടിന്റെ പുരോഗതിക്കുമായി പ്രവർത്തിക്കുന്ന ആരായാലും അവർക്ക് വോട്ട് ചെയ്യുമെന്ന് അമാന പറഞ്ഞു. കഴക്കൂട്ടം സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിൽ ഒന്നാം വോട്ട് ഇടാനുള്ള തയ്യാറെടുപ്പിലാണ് അമാനനാസർ.