
കോഴിക്കോട്: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ മാനന്തവാടി താലൂക്ക് പ്രസിഡന്റ് കുണ്ടായിത്തോട് 'സബർമതി'യിൽ എൻ.പി. ബാലകൃഷ്ണനെ (55) ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബേപ്പൂർ പൊലീസ് അന്വേഷണം തുടങ്ങി.
മാനന്തവാടി എ.ഇ.ഒ ഓഫീസ് സീനിയർ സൂപ്രണ്ടാണ് ബാലകൃഷ്ണൻ. ഇദ്ദേഹത്തിന്റെ ബൈക്ക് ഇന്നലെ പുലർച്ചെ ഫറോക്ക് പാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്. എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. കോഴിക്കോട് ഗവ.എംപ്ലോയീസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ, സെറ്റോ ജില്ലാ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ : ജീജ (അദ്ധ്യാപിക, ഫറോക്ക് ജി.ജി.വി.എച്ച്.എസ്.എസ് ). മക്കൾ : ഋഷികേശ്, നിവേദിത.