
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. രണ്ട് വർഷങ്ങൾക്ക് മുൻപാണ് സംവിധായകൻ അമൽ നീരദ് ബിഗ് ബിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സിനിമയെ കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ ബാല പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബിലാലിന് വേണ്ടിയുള്ള താരത്തിന്റെ ആകാംക്ഷ എത്രത്തോളമാണെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. മംമ്തയുമായുള്ള അഭിമുഖത്തിലാണ് നടൻ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും വാചാലനായത്.

ബിഗ് ബിക്ക് വേണ്ടി എത്ര ചിത്രങ്ങൾ പോയാലും കുഴപ്പമില്ലെന്നാണ് ബാല പറയുന്നത്. അത്രയ്ക്ക് ഗംഭീര ചിത്രമാണെന്നും നടൻ പറയുന്നുണ്ട്. കഥാപാത്രം മാത്രമല്ല ബിലാലിന്റെ കഥയും മനോഹരമാണെന്നും നടൻ കൂട്ടിച്ചേർത്തു. മമ്മൂട്ടിക്കൊപ്പം ആദ്യ ഭാഗത്തുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ബിലാലിലും എത്തുമെന്നാണ് റിപ്പോർട്ട്. മനോജ് കെ. ജയൻ, ലെന, ബാല, മംമ്ത മോഹൻദാസ് തുടങ്ങിയവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ തന്നെയാണ് രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുന്നത്. ബിലാലിന്റെ നാലാമത്തെ സഹോദരനായി ആരെത്തുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ. ദുൽഖർ, ഫഹദ് കാർത്തി, ആര്യ തുടങ്ങിയവരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നു. എന്നാൽ അബുവായി ഒരു സ്റ്റാർ തന്നെ എത്തുമെന്നാണ് മംമ്ത വെളിപ്പെടുത്തുന്നത്. അത് ആരായിരിക്കും എന്നുളളത് സസ്പൻസാണെന്നാണ് നടി പറയുന്നത്. 2020 മാർച്ച് 26 ന് ആയിരുന്നു ചിത്രം തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ ആദ്യ ഷെഡ്യൂൾ തുടങ്ങാൻ ദിവസങ്ങൾ ബാക്കിനിൽക്കെയായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. നൂറ് ദിവസത്തോളമായിരുന്നു ബിലാലിനായി മമ്മൂട്ടി മാറ്റിവച്ചത്. ആരാധകരെ പോലെ തന്നെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ്ബിയിലെ താരങ്ങളും.