
വെള്ളരിക്കുണ്ട്: തിരഞ്ഞെടുപ്പിലെ വിജയം ലോട്ടറി പോലെയാണ്. ഉറച്ച സീറ്റല്ലെങ്കിൽ കിട്ടിയാൽ കിട്ടി, അല്ലെങ്കിൽ പോയി. ആ കഥപോലെയാണ് പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് എളേരി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർത്ഥിയായ രാജേഷ് തമ്പാന് സംഭവിച്ചത്. രാജേഷിനും ലോട്ടറി അടിച്ചു, തിരഞ്ഞെടുപ്പിലല്ല... സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ഭാഗ്യ കുറി ടിക്കറ്റിൽ.
തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ഭാഗ്യ കുറിയിൽ രാജേഷ് തമ്പാന് ലഭിച്ചത് 5000 രൂപയാണ്. ചെറിയ സമ്മാനമാണെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലോട്ടറി ടിക്കറ്റ് വിറ്റത് സി.പി.എം. പ്രവർത്തകനായ പുങ്ങംചാലിലെ അശോകനായിരുന്നു..
വോട്ട് യാത്രയ്ക്കിടെ നർക്കിലക്കാട് ടൗണിൽ നിന്നാണ് രാജേഷിന് അശോകൻ ലോട്ടറി ടിക്കറ്റ് നൽകിയത്. ഓട്ടോറിക്ഷയിൽ ലോട്ടറി ടിക്കറ്റ് വിൽപ്പന നടത്തുകയായിരുന്ന അശോകനോട് വോട്ട് അഭ്യർത്ഥിച്ച രാജേഷിന് അശോകൻ ഒരു ലോട്ടറി ടിക്കറ്റ് നൽകുകയായിരുന്നു. വോട്ട് തരണം എന്ന് പറഞ്ഞ രാജേഷിനോട് അത് മാത്രം ചോദിക്കല്ലേ. ഒരു ടിക്കറ്റ് പിടിച്ചോളൂ, എന്തായാലും പ്രൈസ് കിട്ടും എന്ന് പറഞ്ഞ് അശോകൻ രാജേഷിന് ടിക്കറ്റും നൽകി. ടിക്കറ്റ് വിലയായ 40 രൂപയും അശോകന് നൽകി രാജേഷ് ഭീമനടിയിലേക്ക് പോവുകയും ചെയ്തു.
പര്യടനം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ രാജേഷിന്റെ ഫോണിലേക്ക് ഫോൺ കോളെത്തി. അശോകനായിരുന്നു ലൈനിൽ. രാജേഷേ നിങ്ങൾക്ക് ലോട്ടറി അടിച്ചു എന്ന വാക്കുകൾ കേട്ട് രാജേഷും ഞെട്ടി. ആ ടിക്കറ്റിന്റെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയായിരുന്നു. എന്നാൽ രാജേഷിന് ലഭിച്ചത് 5000 രൂപയാണ് എന്ന് അശോകൻ ഉറപ്പിച്ചു പറഞ്ഞതോടെ രാജേഷിന് സമാധാനമായി. അടുത്ത ദിവസം രാവിലെ അശോകൻ തന്നെ രാജേഷിന്റെ സമ്മാനാർഹമായ ടിക്കറ്റ് മാറിയും കൊടുത്തു. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ എളേരി ഡിവിഷൻ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ജയിച്ചു കയറാൻ എളുപ്പമുള്ള സീറ്റല്ല. എൽ.ഡി.എഫിന് ആധിപത്യമുള്ള സ്ഥലമാണ് ഇവിടം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കൂടിയായ രാജേഷ് തമ്പാനിലൂടെ ഈ ഡിവിഷൻ പിടിച്ചെടുക്കാനാണ് യു.ഡി.എഫ്. നീക്കം. ഇത്തവണ ഇവിടെ പട്ടികജാതി സംവരണമാണ്. ഈ ലോട്ടറി ഒരു സൂചനയാണെന്ന് കന്നിയങ്കത്തിന് ഇറങ്ങിയ രാജേഷ് തമ്പാൻ പറഞ്ഞു. ലോട്ടറി അടിച്ചു കിട്ടിയ 5000 രൂപ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്.