
കൊച്ചി: പൊളിക്കൽ പൂർണമായ പാലാരിവട്ടം ഫ്ളൈ ഓവറിൽ പുതുപുത്തൻ ഗർഡറുകൾ സ്ഥാപിച്ചുതുടങ്ങി. ആദ്യദിനം നാലും ഇന്നലെ രണ്ടും ഗർഡറുകൾ സ്ഥാപിച്ചു. ഇന്ന് നാലു ഗർഡറുകൾ കൂടി സ്ഥാപിക്കും. ഈ മാസം തന്നെ ഗർഡറുകൾ സ്ഥാപിക്കൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പൊളിച്ചുനീക്കിയ 102 ഗർഡറുകൾക്ക് പകരമാണ് പുതിയവ. വൈറ്റില ഭാഗത്തേയ്ക്കുള്ള അഞ്ച്, ആറ് സ്പാനുകളെ ബന്ധിപ്പിച്ചാണ് ആദ്യത്തെ ഗർഡർ സ്ഥാപിച്ചത്. രാത്രി പത്തരയോടെ ശ്രമം ആരംഭിച്ചു. കളശേരി മുട്ടത്തെ ഡി.എം.ആർ.സിയുടെ യാർഡിൽ നിർമ്മിച്ച ഗർഡർ ലോറിയിലാണ് സ്ഥലത്ത് എത്തിച്ചത്.
പുലർച്ചയോടെ നാലും തൂണുകളെ ബന്ധിപ്പിച്ച് സ്ഥാപിച്ചു. ഉരുക്ക് കമ്പികൾ ഉപയോഗിച്ച് നിർമ്മിച്ച പ്രീട്രസ്ഡ് കോൺക്രീറ്റ് ഗർഡറുകളാണിവ. പാലത്തിന്റെ നടുവിലെ ഒരു സ്പാനിലെ ഒഴികെ ഗർഡറുകൾ പുതിയത് സ്ഥാപിക്കും. 44 എണ്ണം യാർഡിൽ കോൺക്രീറ്റ് ചെയ്തുകഴിഞ്ഞു. ബാക്കി നിർമ്മാണം തുടരുകയാണ്. ഫ്ളൈ ഓവറിന്റെ നടുവിലെ സ്പാനുകൾ താൽക്കാലികമായി ഉയർത്തി പൊളിച്ചുനീക്കാത്ത സ്പാനുകളിലെ ഗർഡറുകൾ ഉൾപ്പെടെ ബലപ്പെടുത്തുന്ന ജോലികൾ അടുത്തയാഴ്ച ആരംഭിക്കും.തൂണുകളിലെ പിയർ ക്യാപ്പ് ആദ്യം പൊളിച്ചുനീക്കും. കോൺക്രീറ്റ് ജാക്കറ്റിംഗ് സംവിധാനം ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തി തൂണുകൾ ബലപ്പെടുത്തും. തുടർന്ന് പുതിയ പിയർ ക്യാപ്പുകൾ നിർമ്മിക്കും. ഇവ പൂർത്തിയായ ശേഷം സ്പാൻ താഴ്ത്തി തൂണുകളിൽ സ്ഥാപിക്കും.
നിശ്ചയിച്ചതിലും വേഗതയിലാണ് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി) മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് നിർമ്മാണം നടത്തുന്നത്. ആകെയുള്ള 19 സ്പാനുകളിൽ 17 എണ്ണവും നേരത്തെ അറുത്തുമുറിച്ച് നീക്കിയിരുന്നു. സ്ഥലത്തു തന്നെ പൊട്ടിച്ച് കോൺക്രീറ്റും കമ്പിയും വേർതിരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. റോഡ് നിർമ്മാണത്തിനും നികത്തലിനുമാണ് മാലിന്യം ഉപയോഗിക്കുന്നത്.