
വിതുര:വിനോദസഞ്ചാരികളുടെ പറുദീസയായ പൊന്മുടിയിൽ പ്രവർത്തിക്കുന്ന പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറേയും സബ് ഇൻസ്‌പെക്ടറേയും നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റേഷനിലുണ്ടായിരുന്ന ഇൻസ്‌പെക്ടറെ ഒന്നരമാസം മുൻപ് മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇദ്ദേഹത്തിന് പകരം ആരെയും നിയമിച്ചിട്ടുമില്ല. പൊന്മുടിയിൽ സബ് ഇൻസ്‌പെക്ടർ ഇല്ലാതായിട്ടും മാസം മൂന്ന് പിന്നിട്ടു. ഇതോടെയാണ് സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലായത്.
നിലവിൽ 17 പൊലീസുകാരാണ് പൊന്മുടി സ്റ്റേഷനിലുള്ളത്. അഡിഷണൽ സബ് ഇൻസ്പെക്ടർ ഗോപകുമാറിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനം. ഇൻസ്‌പെക്ടറുടെ അധിക ചുമതല വഹിക്കുന്നതാകട്ടെ വിതുര സ്റ്റേഷനിലെ ഇൻസ്‌പെക്ടറാണ്. ഇത് അദ്ദേഹത്തിന്റെ ജോലിഭാരവും ഇരട്ടിയാക്കുകയാണ്. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊന്മുടി എസ്റ്റേറ്റിലെ മുഴുവൻ തൊഴിലാളികളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. കെ.ടി.ഡി.സിയിലുള്ള ജീവനക്കാരും വിതുരയിലേക്ക് മാറി. ഈ സമയമെല്ലാം 17 പൊലീസുകാർ മാത്രമാണ് പൊന്മുടിയിലുണ്ടായിരുന്നത്.
വിതുര ഇൻസ്പെക്ടർക്ക് മൂന്ന് സ്റ്റേഷൻ
വിതുര ഇൻസ്പെക്ടർ എസ്.ശ്രീജിത്തിന് നിലവിൽ മൂന്ന് പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടി നോക്കേണ്ട അവസ്ഥയാണ്.ആര്യനാട് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ സ്ഥലം മാറിപ്പോയിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. ഇവിടെയും വിതുര ഇൻസ്പെക്ടർക്കാണ് ചുമതല. നേരത്തേ പാലോട് പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ കൊവിഡ് ബാധിച്ചതിനെ തുടർന്ന് ലീവിൽ പോയപ്പോഴും ഇദ്ദേഹത്തിന് ചുമതല നൽകിയിരുന്നു.
മുഖച്ഛായമാറ്റി പൊൻമുടി
ലോവർ സാനിറ്റോറിയത്തിൽ പരിമിതികൾക്കും,പരാധീനതകൾക്കും നടുവിൽ പ്രവർത്തിച്ചിരുന്ന പൊന്മുടി പൊലീസ് സ്റ്റേഷൻ അപ്പർ സാനിറ്റോറിയത്തിൽ നിർമ്മിച്ച പുതിയ മന്ദിരത്തിലേക്ക് മാറ്റിയിട്ട് മൂന്ന് മാസമാകുന്നു. പൊന്മുടി സ്റ്റേഷൻെറ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഡി.കെ. മുരളി എം.എൽ.എയുടെ ശ്രമഫലമായി 2016 ൽ ആണ് പൊൻമുടിയിൽ പുതിയ പൊലീസ് സ്റ്റേഷൻ നിർമ്മിക്കാൻ തീരുമാനമായത്. 2017ൽ അപ്പർ സാനിറ്റോറിയത്തിൽ റവന്യുവകുപ്പ് സ്ഥലം അനുവദിച്ചു. 2018 ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2020 സെപ്തംബർ ഒമ്പതിന് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തിയത്. ഇതിന് ശേഷം ലോവർ സാനിറ്റോറിയത്തിലും രണ്ട് കോടിരൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കി. എന്നാൽ സഞ്ചാരികളെ ഇവിടേക്ക് കടത്തിവിട്ട് തുടങ്ങിയിട്ടില്ല. ഈ മാസം തന്നെ സഞ്ചാരികളെ കടത്തിവിടുമെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന് മുൻപായി സ്റ്റേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് പൊതുവായുള്ള ആവശ്യം.