
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒമ്പത് മാസത്തോളം വീടിനുള്ളിൽ തന്നെ ചെലവഴിക്കുകയായിരുന്നു മലയാളികളുടെ മെഗാസ്റ്റാർ മമ്മൂട്ടി. കൃത്യം 275 ദിവസങ്ങൾക്ക് ശേഷം വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിരിക്കുകയാണ് താരം. പോളോ ജിടിയിൽ സുഹൃത്തുക്കൾക്കൊപ്പം സായാഹ്ന സവാരിക്ക് ഇറങ്ങിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു. കലൂർ സ്റ്റേഡിയത്തിന് മുമ്പിൽ നിന്ന് ചൂടു കട്ടൻ ചായയും ആസ്വദിച്ചതിന് ശേഷമായിരുന്നു താരത്തിന്റെ മടക്കം. പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മാർച്ച് 5നാണ് മമ്മൂട്ടി വീട്ടിലെത്തിയത്. മാർച്ച് 26ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ താരം പൂർണമായും വീടിനുള്ളിൽ ഒതുങ്ങി. സിനിമാരംഗം വീണ്ടും സജീവമാകാൻ തുടങ്ങിയെങ്കിലും താരം പുറത്തേക്ക് പോയിരുന്നില്ല. ജനുവരി ആദ്യവാരം മമ്മൂട്ടി ഷൂട്ടിംഗ് സെറ്റിലെത്തും. പുസ്തക വായനയും വീട്ടുമുറ്റത്ത് പക്ഷികളെ സൂം ചെയ്തുമാണ് മമ്മൂട്ടി ലോക്ക്ഡൗൺ കാലം ചെലവിട്ടത്. പിറന്നാൾ ദിനവും വീട്ടിൽ തന്നെ ചെറിയ രീതിയിൽ ആഘോഷിക്കുകയായിരുന്നു. അതേസമയം, വൺ ആണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമ. കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായാണ് താരം ചിത്രത്തിൽ വേഷമിടുന്നത്.