
ചേക്ളേറ്റ് താരമായി എത്തി, മലയാളത്തിന്റെ സ്വന്തം കടുംബനായകനായി മാറിയ കുഞ്ചാക്കോ ബോബന്റെ 44-ാം പിറന്നാൾ ആയിരുന്നു നവംബർ രണ്ട്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബവുമെല്ലാം ചേർന്ന് താരത്തിന്റെ ജന്മദിനം ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ, അന്നത്തെ ജന്മദിനാഘോഷത്തിനിടയിൽ പകർത്തിയ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചൻ. പിറന്നാൾ കേക്കിനരികെ കണ്ണുപൊത്തി നിൽക്കുന്ന ചാക്കോച്ചനെയും മകൻ ഇസഹാഖിനെയുമാണ് ചിത്രത്തിൽ കാണാനാവുക. “അപ്പന്റെ പ്രായം ഒരു വർഷം കൂടി കൂടുന്നത് കാണാൻ നിങ്ങൾക്ക് കഴിയാത്തപ്പോൾ!,” എന്നാണ് ചാക്കോച്ചൻ ചിത്രത്തിനു ക്യാപ്ഷൻ നൽകിയിരിക്കുന്നത്. രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. “കേക്കിൽ മാത്രം പ്രായം കൂടുന്ന, മുഖത്ത് പ്രായം കൂടാത്ത അപ്പൻ,” എന്നാണ് ഒരാളുടെ കമന്റ്.1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് കുഞ്ചാക്കോ ബോബൻ. ആദ്യ സിനിമ ഹിറ്റായതിനെത്തുടർന്ന് ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസിന്റെയും പ്രിയങ്കരനായി മാറിയിരുന്നു.
ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആയതിന്റെ സന്തോഷം ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന താരം മകന്റെ വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ കുറിക്കാറുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. ചാക്കോച്ചന്റെ ലോകം തന്നെ ഇന്ന് ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു, “ചാക്കോച്ചന്റെ ലോകം ഇപ്പോൾ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോൾ കുഞ്ഞു കരഞ്ഞാൽ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചൻ ചാടിയെഴുന്നേൽക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മൾ ഹാപ്പിയായി ഇരുന്നാൽ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോൾ അവനോടുള്ള ഇഷ്ടം കാണുമ്പോൾ ദൈവമേ, ഇത്രയും മോഹം മനസിൽ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്.” ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു അഭിമുഖത്തിൽ പ്രിയ പറഞ്ഞു.