
വർക്കല: ചരിത്ര സ്മരണകൾ ഉറങ്ങുന്ന ഇടവ വെറ്റക്കട പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കണമെന്നാവശ്യം ശക്തം. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകൾ പരിഗണിച്ചും പ്രധാന മത്സ്യബന്ധന കേന്ദ്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും വെറ്റകട തീരത്തിന്റെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതികൾ തയ്യാറാകണമെന്ന വെറ്റക്കട നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം സർക്കാർ ഇനിയെങ്കിലും മുഖവിലയ്ക്ക് എടുക്കണമെന്നാണ് അഭിപ്രായം. പാപനാശത്ത് നിന്നും കടൽത്തീരം വഴി 5 കിലോമീറ്റർ അകലെ പാപനാശം കുന്നുകൾ അവസാനിക്കുന്ന ഭാഗത്താണ് വെറ്റക്കട. ഒരു കിലോമീറ്റർ നീണ്ട് കടൽഭിത്തിയില്ലാത്ത തീരമാണ് ഇത്. ടൂറിസം സീസണിൽ പാപനാശത്ത് എത്തുന്ന വിനോദ സഞ്ചാരികളിൽ ഏറെയും ഇവിടെയും എത്താറുണ്ട്. എന്നാൽ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒന്നും ഇവിടെയില്ല. ടൂറിസം ഭൂപടത്തിൽ വർക്കലയ്ക്കൊപ്പം വെറ്റക്കടയെയും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വികസനത്തിന് ആവശ്യമായ സമഗ്ര പദ്ധതികളൊന്നും വെറ്റകടയിലില്ല.
പ്രകൃതി സൗന്ദര്യം ഏറെയുള്ള വെറ്റകട തീരപ്രദേശം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രവും മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ഭദ്രതയ്ക്ക് മുതൽ കൂട്ടായിട്ടുള്ള ഇടം കൂടിയാണ്. വെറ്റകട തീരം കേന്ദ്രീകരിച്ച് മിനി ഫിഷിംഗ് ഹാർബർ യാഥാർത്ഥ്യമാകുമെന്ന പ്രഖ്യാപനങ്ങൾ മാറിമാറിവരുന്ന സർക്കാരുകൾ പ്രകടനപത്രികയിൽ സൂചിപ്പിക്കാറുണ്ടെങ്കിലും ലക്ഷ്യം കാണാതെ പോവുകയാണ്.