photo

പാലോട്: അശാസ്ത്രീമായ റോഡ് നിർമ്മാണത്തെ തുടർന്ന് പാലോട് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും കുറുന്താളിയിലേക്കുള്ള യാത്ര ദുഷ്കരമായി. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ നിന്നും പാലോട് പൊലീസ് സ്റ്റേഷൻ വരെയുള്ള റോഡ് വികസനമാണ് ചിലരുടെ പിടിവാശിയും വസ്തു അളന്ന് തിരിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ ഇടപെടലുകളെയും തുടർന്ന് നിർമ്മാണം ഏകദേശം നിശ്ചലമായത്. റോഡ് നിർമ്മാണത്തെ തുടർന്നുള്ള മണ്ണിടിച്ചിൽ കാരണം കാൽനടയാത്ര പോലും ദുഷ്കരമാണ്.

സർക്കാർ വസ്തുക്കൾ കൈയേറിയ ഭാഗങ്ങൾ ആദ്യം അളന്ന് രേഖപ്പെടുത്തിയെങ്കിലും തുടർന്നുള്ള ചില ഭൂവുടമകളുടെയും പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരുടെയും ഒത്തുകളിയെ തുടർന്ന് റോഡ് നിർമ്മാണം ഏറെക്കുറെ നിശ്ചലമായി. കൈയേറ്റ സ്ഥലങ്ങൾ ഒഴിപ്പിക്കുന്നതിന് പകരം റോഡിന്റെ അലൈൻമെന്റ് വളച്ചൊടിക്കാനാണ് ശ്രമമെന്നാണ് നാട്ടുകാരുടെ പരാതി.

പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി റോഡ് നിർമ്മാണം സുഗമമാക്കുന്നതിന് പകരം കൈയേറ്റഭൂമി വീണ്ടും വിട്ടു കൊടുത്തുകൊണ്ടാണ് റോഡ് നിർമ്മാണം നടത്തുന്നത് എന്ന ആക്ഷേപം ശരിവയ്ക്കുന്ന തരത്തിലുള്ള പ്രവർത്തികളാണ് ഇപ്പോൾ നടക്കുന്നത്. പുറമ്പോക്ക് നിർണയത്തിലെ അപാകതകൾ കണ്ടെത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.