
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ലെന്ന് ഭയന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് രംഗത്തു നിന്ന് പിണറായി വിജയനെ മാറ്റി നിറുത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച വെർച്വൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിസന്ധിയെ മറികടക്കാനൊരുക്കിയ വെർച്വൽ റാലിയിൽ പതിനായിരങ്ങൾ ഓൺലൈനിൽ അണിചേർന്നു.
മുഖ്യമന്ത്രിയെ മുന്നിൽ നിറുത്തി വോട്ടു ചോദിക്കാൻ കഴിയാത്തത്രത്തോളം മുഖ്യമന്ത്രിയും സർക്കാരും ജനവിരുദ്ധമായെന്ന് സി.പി.എമ്മും ഇടതു മുന്നണിയും തിരിച്ചറിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെയും തട്ടിപ്പുകാരുടെയും താവളമായി. സി.പി.എമ്മിലെ ഒരുന്നതൻ കൂടി സ്വർണക്കടത്ത് കേസിൽ പെടാൻ പോവുന്നു.
ലക്ഷക്കണക്കിന് ചെറുപ്പക്കാർ ജോലിയില്ലാതെ കഷ്ടപ്പെടുമ്പോൾ പത്താം ക്ലാസ് പാസാകാത്ത സ്വപ്നാ സുരേഷിനെ പോലുള്ളവർക്ക് മൂന്നു ലക്ഷം രൂപ ശമ്പളത്തിൽ മുഖ്യമന്ത്രിയുടെ വകുപ്പിൽ ജോലിനൽകുകയാണ്. കിഫ്ബി, ട്രാൻസ്ഗ്രിഡ്, ലൈഫ് മിഷൻ, കെ-റെയിൽ, കെ- ഫോൺ, കൊച്ചി ക്യാൻസർ സെന്റർ നിർമ്മാണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൊള്ളയും അഴിമതിയുമാണ് വികസനത്തിന്റെ പേരിലിവിടെ നടന്നത്. ഭക്ഷണകിറ്റ് കൊടുക്കുന്ന സഞ്ചിയിൽ പോലും കമ്മിഷൻ വാങ്ങിയവരാണ് നാട് ഭരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതിക്കും അക്രമത്തിനുമെതിരെ
ജനം വോട്ടിടും: ഉമ്മൻചാണ്ടി
യു.ഡി.എഫ് സർക്കാർ തുടങ്ങിയ ചില പദ്ധതികൾ ഉദ്ഘാടനം ചെയ്തതല്ലാതെ പുതുതായി ഒരു വികസനവും കൊണ്ടുവരാൻ കഴിയാത്ത സർക്കാരാണ് ഇടതുമുന്നണിയുടേതെന്ന് റാലിയെ അഭിവാദ്യം ചെയ്ത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. അഴിമതിക്കും അക്രമത്തിനും കൊലപാതകരാഷ്ട്രീയത്തിനുമെതിരെയാണ് ജനം ഇക്കുറി വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
നടക്കുന്നത് വൻ അഴിമതി: കുഞ്ഞാലിക്കുട്ടി
ഇടതുന്നണിയുടെ വൻപദ്ധതികളെല്ലാം വൻ അഴിമതികളാണെന്ന് മുസ്ലീം ലീഗ് നേതാവ് വി.കെ. കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. വികസനത്തിന്റെ നാളുകൾ വരാനിരിക്കുന്നതേയുള്ളൂവെന്നും അതിന്റെ തുടക്കമെന്ന നിലയിൽ മാറ്റം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡി.എഫ് അധികാരത്തിൽ വന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നഷ്ടമായ അധികാരം തിരികെ നൽകുമെന്ന് വെർച്വൽ റാലിയിൽ അദ്ധ്യക്ഷത വഹിച്ച യു.ഡി.എഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. ഘടക കക്ഷി നേതാക്കളായ മോൻസ് ജോസഫ്, എൻ.കെ.പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി. ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ തുടങ്ങിയവർ സംസാരിച്ചു.