തിരുവനന്തപുരം: സ്വതന്ത്ര സ്ഥാനാ‌ർത്ഥികളെ കടന്നാക്രമിക്കുന്ന രീതി ഉപേക്ഷിച്ച്, എല്ലാവർക്കും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള തുല്യാവകാശം ഉറപ്പുവരുത്താൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്ന് തിരുവനന്തപുരം വികസന മുന്നേറ്റം (ടി.വി.എം) പ്രസി‌ഡന്റ് എൻ.എസ്. രഘുചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി എം.എസ്. വേണുഗോപാൽ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു. ഭീഷണിപ്പെടുത്തിയും പ്രചാരണ സാമഗ്രികൾ നശിപ്പിച്ചും ടി.വി.എം സ്ഥാനാർത്ഥികളെ മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിക്കാനുള്ള സംഘടിത നീക്കം പാർട്ടികൾ ഉപേക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സദ്ഭരണത്തിലൂന്നിയുള്ള വികസനവും സംശുദ്ധ രാഷ്ട്രീയവും ഉറപ്പാക്കാനാണ് ടി.വി.എം മത്സരിക്കുന്നത്. ഭരണഘടനാ ലംഘനങ്ങൾ, ഭരണസംവിധാന തകർച്ച, ആശയ വ്യതിചലനം, പദ്ധതി നിർവഹണത്തിലെ പരാജയങ്ങൾ, തുല്യനീതി ഇല്ലായ്‌മ എന്നിവയിൽ മാറ്റം വരുത്താനാണ് വോട്ടർമാരെ സമീപിക്കുന്നതെന്നും ടി.വി.എം വ്യക്തമാക്കി.