prathikal

ചങ്ങരംകുളം : എടപ്പാളിൽ നിന്ന് ചാലിശ്ശേരി സ്വദേശിയായ അടക്കാവ്യാപാരിയെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് 22 പവൻ സ്വർണവും ആഡംബര കാറും കവർന്ന സംഭവത്തിൽ എട്ടംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ.
ഒറ്റപ്പിലാവ് സ്വദേശിയും വെളിയംകോട് താമസക്കാരനുമായ വെളുത്തംപാട്ട് നവാസ് (37),​ മാറഞ്ചേരി പരിച്ചകം സ്വദേശി പള്ളിത്താഴത്ത് ഷഹീർ ഷാ ( 32 ),​ ഒറ്റപ്പാലം കണ്ണിയാംപുറം സ്വദേശി ചാത്തൻപിലാക്കൽ വിഷ്ണു എന്ന സൽമാൻ ( 32 ),​ മാറഞ്ചേരി പരിച്ചകം സ്വദേശി പള്ളിപ്പറമ്പിൽ അഷ്‌കർ ( 38 ),​ തൃശ്ശൂർ പുത്തൻപീടിക തച്ചാട്ട് വീട്ടിൽ സുജിത്ത് ( 27 ),​ പെരുമ്പിലാവ് തിപ്പിലശ്ശേരി സ്വദേശി വലിയപീടികയിൽ അജ്മൽ ( 24 ),​ പടിഞ്ഞാറങ്ങാടി കല്ലടത്തൂർ ചോറുവളപ്പിൽ സോമരാജൻ ( 47 ),​ ഒറ്റപ്പാലം കണ്ണിയാംപുറം സ്വദേശി പാറക്കൽ ജിഷ്ണു ( 27) എന്നിവരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടക- തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുമായി ഒരുമാസം നീണ്ട പഴുതടച്ച അന്വേഷണത്തിൽ വലയിലാക്കിയത് . ഒക്ടോബർ 29നാണ് അടക്കാവ്യാപാരിയായ ചാലിശ്ശേരി തോഴത്ത് ഷിജോയിയെയും സുഹൃത്ത് പാളിക്കാട്ടിൽ ഖാദറിനെയും മുഖ്യപ്രതിയും ആൽബം സംവിധായകനും കൂടിയായ ഷഹീർഷായുടെയും നവാസിന്റെയും നേതൃത്വത്തിൽ ആൽബത്തിൽ അഭിനയിക്കാനെന്ന വ്യാജേന തട്ടിക്കൊണ്ടു പോയത്. എടപ്പാൾ പാലപ്രക്കടുത്ത് ലൊക്കേഷൻ പരിചയപ്പെടുത്തിയ ശേഷം അണ്ണക്കംപാട്ടെ ലോഡ്ജിലെത്തിച്ച് മുൻ ബിസിനസ് പാർട്ട്ണർ കൂടിയായ ചാലിശ്ശേരി സ്വദേശിക്ക് മൂന്നര കോടി രൂപ നൽകാനുണ്ടെന്നും അത് നൽകണമെന്നും 20 ഓളം പേരടങ്ങിയ സംഘം ഭീഷണിപ്പെടുത്തി. വഴങ്ങാതിരുന്ന ഷിജോയിയെ കെട്ടിയിട്ട് മർദ്ദിക്കുകയും മയക്കുഗുളിക കൊടുത്ത് വയനാട്ടേക്ക് തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. പിന്നീട് ഷിജോയിയുടെ ശരീരത്തിലുണ്ടായിരുന്ന 22 പവൻ സ്വർണാഭരണം, വിലകൂടിയ ഡയമണ്ട് മോതിരം , വാച്ച്, ആഡംബര കാർ എന്നിവയടക്കം 40 ലക്ഷം വിലമതിക്കുന്ന വസ്തുക്കൾ കവർന്നു. ഷിജോയിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ ചാലിശ്ശേരി പൊലീസിന് നൽകിയ പരാതി പിന്നീട് ചങ്ങരംകുളം പൊലീസിന് കൈമാറുകയായിരുന്നു.