1

കുളത്തൂർ: പ്രകൃതിയുടെ പച്ചവിരിപ്പുകളും കാഴ്ചകളും അന്യമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ വിനോദ സഞ്ചാരികളും കൈയൊഴിഞ്ഞു. കൊവിഡിന്റെ ആലസ്യങ്ങൾ വിട്ടുണർന്ന് തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമായെങ്കിലും കാടുപിടിച്ച ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആളനക്കമില്ല. വേളി കായൽ ആക്കുളം കായൽ വഴി കടലിൽ ലയിക്കുന്ന അഴിമുഖത്തിന് സമീപം സ്ഥിതിചെയ്യുന്ന ഇവിടം ജില്ലയിലെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. ആക്കുളം കായലിന്റെ പുനരുജ്ജീവനത്തിന് 64.13 കോടി രൂപയുടെ പദ്ധതികൾ തയ്യാറായിട്ടും മാറ്റമുണ്ടായില്ല. കായലിനോട് ചേർന്ന ഭാഗങ്ങൾ പൂർണമായും കാടുമൂടിയ നിലയിലാണ്. കായലിൽ വർഷങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളും ബോട്ട് യാത്രക്ക് തടസം നിൽക്കുന്ന ആക്കുളം പാലത്തിന് കീഴിൽ രൂപപ്പെട്ട ബണ്ടും കുളവാഴകളും നീക്കാനുള്ള പദ്ധതികൾക്കും അനക്കമില്ല.

മുടങ്ങിപ്പോയ പദ്ധതികൾ

--------------------------------------------------------

ബൈപ്പാസിലെ ആക്കുളം പാലം വഴിയും ഉള്ളൂർ - ആക്കുളം റോഡ് വഴിയും ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാനാകും. പ്രധാനമായും രണ്ട് ഭാഗങ്ങളായിട്ടാണ് ടൂറിസ്റ്റ് വില്ലേജിന്റെ രുപകല്പന. കുട്ടികളുടെ പാർക്കുകളും നീന്തൽക്കുളവും മ്യൂസിക്കൽ ഫൗണ്ടനും ചേർന്ന ഭാഗവും ആക്കുളം കായലിനോട് ചേർന്ന ബോട്ട് ക്ലബും അനുബന്ധ പാർക്കുകളും കായൽക്കരയിലെ നടപ്പാതകളും ചേർന്ന രണ്ടാമത്തെ ഭാഗവും. ആദ്യ ഭാഗത്തിലെ വികസന പ്രവർത്തനങ്ങളിൽ ചിലത് പൂർത്തികരിക്കുകയും ചിലത് നിർമ്മാണ പുരോഗതിയിലുമാണ്. എന്നാൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത് രണ്ടാം ഭാഗത്തെ ബോട്ടിംഗ് കാഴ്ചകളുമാണ്. ആക്കുളം വില്ലേജിന്റെ പ്രതാപവും പ്രൗഢിയും വിളിച്ചോതുന്ന ഈ ഭാഗത്തെ വികസനമാണ് എങ്ങുമെത്താത്തത്. കായലിലേക്ക് വന്നുചേരുന്ന തോടുകളുടെ ഭാഗിക നവീകരണവും പദ്ധതിയിലുണ്ടായിരുന്നു.

പദ്ധതി തുക - 64.13 കോടി

പ്രധാന പ്രശ്‌നങ്ങൾ
---------------------------

 പായലും കുളവാഴയും നീക്കിയില്ല

 നടപ്പാത നവീകരണം പാതിയിൽ

 പദ്ധതികൾ മന്ദഗതിയിലായി

 പല സ്ഥലങ്ങളും കാടുകയറി

 ബോട്ടിംഗ് പദ്ധതിയും നിർജ്ജീവം