തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചെങ്കിലും രാഷ്ട്രീയച്ചൂട് ആറിയിട്ടില്ല. കോർപറേഷനിൽ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ കളം നിറഞ്ഞു. മൂന്ന് മുന്നണികളും വിജയം അവകാശപ്പെടുന്ന തലസ്ഥാനത്ത് രഹസ്യധാരണയെന്ന ആരോപണങ്ങളാണ് ഇത്തവണയും മുന്നണികൾ ഉയർത്തുന്നത്. യു.ഡി.എഫും ബി.ജെ.പിയും സയാമീസ് ഇരട്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി ആദ്യം മന്ത്രി കടകംപള്ളി സുരേന്ദ്രനാണെത്തിയത്. എൽ.ഡി.എഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയിൽ ബി.ജെ.പിക്ക് സീറ്റുകൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ്, യു.ഡി.എഫ് രഹസ്യധാരണ മറച്ചുവയ്‌ക്കാനാണ് ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ തിരിച്ചടിച്ചു. ഇരുമുന്നണികളെയും ജനം കൈയാെഴിയുമെന്നും ഭരണം ബി.ജെ.പി നേടുമെന്നും കുമ്മനം വ്യക്തമാക്കി. പരാജയം മുന്നിൽ കണ്ടാണ് കോൺഗ്രസ് - ബി.ജെ.പി ബന്ധം ആരോപിച്ച് സി.പി.എം രംഗത്തുവന്നതെന്നും ബി.ജെ.പിയെ അധികാരത്തിൽ നിന്നും മാറ്റിനിറുത്താനുള്ള നിലപാടുകളാണ് കോൺഗ്രസ് തിരുവനന്തപുരത്തും സ്വീകരിച്ചിട്ടുള്ളതെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ മറുപടി നൽകി. എൽ.ഡി.എഫിന്റെ ഭരണ പരാജയം ജനം വിലയിരുത്തുമെന്നും എം.എൽ.എ പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തോടെ നഗരഭരണം നേടുമെന്ന് മത്സരരംത്തുള്ള മുതിർന്ന ബി.ജെ.പി നേതാവ് പി. അശോക് കുമാർ പറഞ്ഞു. തോൽവി ഉറപ്പായതോടെ എൽ.ഡി.എഫും യു.ഡി.എഫും വർഗീയ പ്രചാരണം അഴിച്ചുവിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കള്ളപ്പണം, സ്വർണക്കടത്ത്, കിഫ്ബി, ലൈഫ് തുടങ്ങിയ അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും ശ്രമിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.