മുടപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒപ്പത്തിനൊപ്പം സീറ്റുകൾ എൽ.ഡി.എഫും യു.ഡി.എഫും വിജയിച്ചതിനാൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിച്ചത്‌ കോൺഗ്രസിനെയാണ്. എന്നാൽ ഇക്കുറി അത് ആവർത്തിക്കാതെ ഭൂരിപക്ഷം വാർഡുകളിലും വിജയിക്കാനുള്ള ശക്തമായ പോരാട്ടത്തിലാണ് ഇരുമുന്നണികളും. ഇതിനിടയിൽ ഇരുമുന്നണികൾക്കും കടുത്ത വെല്ലുവിളി ഉയർത്തികൊണ്ട് പല വാർഡുകളിലും വിജയം കൊയ്യാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. 2015 -ൽ ആകെയുള്ള 20 സീറ്റിൽ 10 എണ്ണം കോൺഗ്രസും ഇടതുമുന്നണിയിലെ സി.പി.എം 9 സീറ്റിലും സി.പി.ഐ. ഒരു സീറ്റിലും വിജയിച്ചു. അതിനാൽ ആണ് നറുക്കെടുപ്പ് വേണ്ടി വന്നത്. ഇടതു പക്ഷത്തിന് കൂടുതൽ തവണ ഭരണ നേതൃത്വം ലഭിച്ച ഗ്രാമ പഞ്ചായത്താണ് കിഴുവിലം. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഭരണനേട്ടങ്ങൾ നിരത്തിയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വോട്ട് ചോദിക്കുന്നത്. ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഐ. അംഗീകാരം ലഭിച്ചത്, ഗ്രേഡിംഗിൽ പഞ്ചായത്തിന് ഇന്ത്യയിൽ എട്ടാം സ്ഥാനം ലഭിച്ചത്, പഞ്ചായത്തിലൂടനീളം സി.സി ടി.വി കാമറ സ്ഥാപിച്ചത് തുടങ്ങിയ ഒട്ടേറെ വികസന കാര്യങ്ങൾ അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഗ്രാമ പഞ്ചായത്തിന്റെ ഭരണ പരാജയവും വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്. ഒപ്പം സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും അവതരിപ്പിക്കുന്നു. മോഡി സർക്കാരിന്റെ ഭരണനേട്ടങ്ങൾ പറഞ്ഞാണ് ബി.ജെ.പി സ്ഥാനാർത്ഥികൾ ശക്തമായി രംഗത്തുള്ളത്. എൽ.ഡി.എഫിൽ സി.പി.എം 17 സീറ്റിലും സി.പി.ഐ മൂന്ന് സീറ്റിലും കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർത്ഥികൾ എല്ലാ സീറ്റിലും മത്സരിക്കുന്നു. എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളും സ്വാതന്ത്രന്മാരും ശക്തമായി രംഗത്തുണ്ട്. ഇക്കഴിഞ്ഞ ഭരണസമിതി പ്രസിഡന്റും കോൺഗ്രസ് ഡി.സി.സി മെമ്പറും ആയ എ. അൻസാർ ഇപ്പോൾ നാലാം തവണയാണ് മത്സരിക്കുന്നത്. നേരത്തെ മൂന്ന് തവണ ഗ്രാമ പഞ്ചായത്ത് മെമ്പർ ആയിരുന്നു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും കിഴുവിലം റെസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റും ആയ പി.കെ. ഉദയഭാനു, ബ്ലോക്ക് കോൺഗ്രസ് മെമ്പറും ഗ്രാമ പഞ്ചായത്ത് മെമ്പറും ആയിരുന്ന മഞ്ജു പ്രദീപ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയ ജയന്തി കൃഷ്ണ തുടങ്ങിയവരാണ് യു.ഡി.എഫിലെ പ്രമുഖ സ്ഥാനാർത്ഥികൾ. നിലവിൽ ജില്ലാ പഞ്ചായത്ത് മെമ്പറും കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഗ്രാമ പഞ്ചായത്ത് മെമ്പറും ആയിരുന്ന സി.പി.എം ഏരിയാകമ്മിറ്റി അംഗവുമായ എസ്. ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്ന സുലഭ, സി.പി.ഐ നേതാവും കഴിഞ്ഞ ഭരണ സമിതി യിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്ന ജി. ഗോപകുമാർ തുടങ്ങിയവർ ആണ് പ്രമുഖ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ. ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിൽ ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് എം. വിജയുമാർ, മഹിളാമോർച്ച പഞ്ചായത്ത് ജനറൽ സെക്രട്ടറി റീന , യുവമോർച്ച കിഴുവിലം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് എന്നിവരാണ് പ്രമുഖർ.