വർക്കല:ഗ്രാമപഞ്ചായത്തുകളിൽ മുന്നണികൾ കടുത്ത പോരാട്ടത്തിൽ. ഭരണം പിടിച്ചെടുക്കാനും നിലനിറുത്താനുമുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. ചെമ്മരുതിയിൽ നിലവിലെ അംഗങ്ങളെ മുഴുവൻ ഒഴിവാക്കി എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിനിർണയം.മേഖലയിൽ ചെമ്മരുതിയിൽ മാത്രമാണു പ്രകടമായിട്ടുള്ളത്. 19 വാർഡിൽ 16 എണ്ണത്തിൽ സി.പി.എമ്മും രണ്ടു സീറ്റിൽ സി.പി.ഐയും ഒരെണ്ണത്തിൽ എൻ.സി.പിയും മത്സരിക്കും. മറ്റു പഞ്ചായത്തുകൾക്ക് മാതൃകയായ പദ്ധതികൾ ആവിഷ്കരിച്ചു. ജനപ്രിയ ഭരണസമിതി അവകാശവാദവുമായി എൽ.ഡി.എഫ് വോട്ടർ മാരെ സമീപിക്കുകയാണ്. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ 19 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് - യു.ഡി.എഫ്. മുന്നണികൾക്ക് 9 സീറ്റ് വീതമാണ് ലഭിച്ചത്. തച്ചോട് വാർഡിൽ നിന്ന് വിജയിച്ച ബി.എസ്.പി അംഗത്തിന്റെ പിന്തുണയോടെ എൽ. ഡി.എഫ് 5 വർഷം ഭരണം പൂർത്തിയാക്കി. ഈ തിരഞ്ഞെടുപ്പിൽ പല വാർഡുകളിലും എൽ.ഡി.എഫും, ബി.എസ്.പിയും പരസ്പരം മത്സരിക്കുകയാണ്. കോൺഗ്രസിൽ നിലവിലെ അംഗങ്ങളായ എസ്. ജയലക്ഷ്മി, ഗീത നളൻ, എസ്. റാം മോഹൻ, ബി. ബീന, ഗീതാകുമാരി എന്നിവർക്ക് പുറമെ മുൻ അംഗങ്ങളും വീണ്ടും മത്സരിക്കുന്നു.കഴിഞ്ഞ തവണ നഷ്ടമായ ഭരണം തിരിച്ചു പിടിക്കാനുളള തീവ്രശ്രമത്തിലാണ്. എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിറുത്തി വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇത്തവണ അദ്ധ്യക്ഷ പദവി വനിതാസംവരണമാണ്. വർക്കല നിയോജക മണ്ഡലത്തിന്റെ ഭാഗവും ജില്ല പഞ്ചായത്ത് ചെമ്മരുതി ഡിവിഷനിലും വർക്കല ബ്ലോക്കിലും ഉൾപ്പെടുന്ന പ്രദേശം. ആകെ 79 സ്ഥാനർത്ഥികൾ വോട്ടർമാർ 27,581. സ്ത്രീകൾ 15,047
വെട്ടൂർ തീരദേശമേഖലയിലെ 14 വാർഡുകൾ ഉൾപ്പെട്ട വെട്ടൂർ പഞ്ചായത്ത് നിലവിൽ കോൺഗ്രസ് ഭരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 8 സീറ്റുമായി കോൺഗ്രസ് അധികാരമേറ്റു. ഒരുവർഷം പിന്നിടുമ്പോൾ അംഗത്തിന്റെ അപകടമരണത്തെ തുടർന്ന് രണ്ടാം വാർഡ് അക്കര വിളയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി വിജയിച്ചത് കോൺഗ്രസിന് തിരിച്ചടിയായി. അംഗബലം 7-7 തുല്യമായെങ്കിലും 5 വർഷം പൂർത്തിയാക്കാൻ കഴിഞ്ഞു. നിലവിലെ പ്രസിഡന്റ് എ. അസീം ഹുസൈൻ, അംഗങ്ങളായ എസ്. സുജി, ആർ. ബിന്ദു, പി. ഗീത, പ്രശോഭന എന്നിവർ വീണ്ടും മത്സരിക്കുകയാണ്. ഭരണം പിടിക്കാനിറങ്ങുന്ന എൽ.ഡി.എഫിൽ സി.പി.ഐ അഭിപ്രായ ഭിന്നത തുടക്കത്തിൽതന്നെ കല്ലുകടിയായി. 5,6, വാർഡുകളിൽ സ്ഥാനാർത്ഥികളെ പാർട്ടി ചിഹ്നത്തിൽ നിറുത്തിയാണ് ഇവർ പോരടിക്കുന്നത്. സി.പി.ഐക്ക് അനുവദിച്ചത് ഒരു സീറ്റ് ആണെന്ന് സി.പി.എമ്മും അല്ല രണ്ടാണെന്ന് സി.പി.ഐയും പറയുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വാർഡ് 5-ൽ പോരടിച്ചപ്പോൾ സി.പി.ഐക്കായിരുന്നു വിജയം. അക്കൗണ്ട് തുറക്കാത്ത ബി.ജെ.പി. 8 വാർഡുകളിൽ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ മുസ്ലിം ലീഗ് 3 സീറ്റുകളിൽ മത്സരിക്കുന്നു. വർക്കല നിയോജക മണ്ഡലത്തിന്റെ ഭാഗവും വർക്കലബ്ലോക്കിലും ഉൾപ്പെടുന്നതാണ് വെട്ടൂർ. ജില്ലാഡിവിൽനിൽ മണമ്പൂരിന്റെ ഭാഗവുമാണ്. ആകെ സ്ഥാനാർത്ഥികൾ : 49. വോട്ടർമാർ 15,460. സ്ത്രീകൾ 8,604
വർക്കല: ചെറുന്നിയൂർ എൽ.ഡി.എഫ്.കുത്തകയായി തുടരുന്ന പഞ്ചായത്തിൽ ഇത്തവണ അധികാരം നേടാനുളള പോരാട്ടത്തിലാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫി.ന്റെ കെട്ടുറപ്പും കോൺഗ്രസിന്റെ ഒത്തൊരുമയും എത്രത്തോളം വോട്ടർമാരെ സ്വാധീനിക്കുമെന്ന് തെരഞ്ഞെടുപ്പിൽ വിലയിരുത്തും.സീറ്റ് വർദ്ധിപ്പിക്കാനുളള എല്ലാ വഴികളും തേടുന്ന ബി.ജെ.പി.യും മികച്ച പ്രകടനം പുറത്തെടുക്കാൻ ഒരുക്കത്തിലാണ്. കഴിഞ്ഞ തവണ 14 സീറ്റിൽ 12 എണ്ണത്തിനും വിജയിച്ചു തുടർ ഭരണം നേടിയ എൽ.ഡി.എഫ് ഇത്തവണയും ഭരണനേട്ടങ്ങൾ ഉയർത്തികാട്ടി മത്സരിക്കുന്നു. കഴിഞ്ഞ ഭരണസമിതിയിലെ അംഗം എൻ.ശിവകുമാർ മാത്രമാണ് വീണ്ടും മത്സരിക്കുന്നത്. കോൺഗ്രസ്സിൽ മുൻ അംഗങ്ങളായ
എം. ജഹാംഗീർ, ജാൻ സിബിൻ,
ശശികല തുടങ്ങിയവർ മത്സരിക്കുന്നു. എൽ.ഡി.എഫ് .ഭരണം പഞ്ചായത്തിനെ വർഷങ്ങൾ പിന്നിലാക്കിയെന്ന പ്രചാരണത്തോടെ വോട്ടർമാരെ സമീപിക്കുന്നു.നിലവിൽ ഒരംഗം ഉളള ബി.ജെ.പി. 13 വാർഡുകളിലും മുന്നണികൾക്ക് ബദൽ എന്ന ആശയവുമായി വോട്ടർമാരെ സ്വാധീനിക്കാനുളള ശ്രമത്തിൽ ഒരു സീറ്റ് ബി.ഡി.ജെ.എസിന് നൽകി. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ചെറുന്നിയൂർ വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണ് രണ്ട് വാർഡുകൾ ജില്ലാ ഡിവിഷൻ ചെമ്മരുതി യിലും ബാക്കി മണമ്പൂർ ഡിവിഷനിലുമാണ്. സ്ഥാനാർത്ഥികൾ: 52. വോട്ടർമാർ:15,385, സ്ത്രീകൾ:8,579.