
കോവളം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് തറക്കല്ലിട്ട് അഞ്ച് വർഷം പൂർത്തിയാകുമ്പോഴും നിർമ്മാണം ഇഴഞ്ഞു തന്നെ. ആയിരം ദിവസം കൊണ്ടു പൂർത്തിയാക്കുമെന്ന് അവകാശപ്പെട്ട പദ്ധതിയുടെ പകുതി മാത്രമാണ് ഇതുവരെ നടപ്പാക്കാനായത്. തുറമുഖ നിർമ്മാണത്തിന്റെ പ്രധാനഭാഗമായ പുലിമുട്ടുകളാകട്ടെ 23 ശതമാനം മാത്രമാണ് പൂർത്തിയായത്. എന്നാലും 3.1 കിലോമീറ്റർ നീളമുള്ള പുലിമുട്ടിന്റെ 700 മീറ്റർ മാത്രമാണ് ഇതുവരെ നിർമ്മിക്കാനായത്. ഓഖി ചുഴലിക്കാറ്റ് വീശിയതും പാറക്ഷാമവുമാണ് പദ്ധതി വൈകാൻ കാരണമെന്നാണ് നിർമ്മാണ കമ്പനി പറയുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതും പദ്ധതിക്ക് തിരിച്ചടിയായി. കരാർ പ്രകാരം 2019 ഡിസംബർ 19നാണ് നിർമ്മാണം പൂർത്തിയാകേണ്ടിയിരുന്നത്. ഇതാണ് ഇപ്പോഴും ഇഴയുന്നത്.
നിർമ്മാണത്തിനായി പാറ വീണ്ടും ലഭിച്ചുതുടങ്ങിയത് വീണ്ടും പ്രതീക്ഷ നൽകുന്നുണ്ട്. പ്രതിദിനം 7000 മെട്രിക് ടൺ പാറയാണ് ഇപ്പോൾ വിഴിഞ്ഞത്തെത്തുന്നത്. നിലവിൽ പോർട്ട് ഓപ്പറേഷൻസ് ബിൽഡിംഗ് ഉദ്ഘാടനവും കണ്ടെയ്‌നർ ബെർത്തുകളുടെ പൈലിംഗും പൂർത്തിയായി. ബീമുകൾ ഘടിപ്പിച്ച് സ്ളാബുകൾ നിരത്തേണ്ട ജോലിയാണ് ബാക്കിയുള്ളത്.
എട്ട് കണ്ടെയ്നർ ക്രെയിനുകളുടെയും 24 യാർഡ് ക്രെയിനുകളുടെയും നിർമാണവും പുരോഗമിക്കുന്നു.
സബ് സ്റ്റേഷനും പൂർത്തിയായി
മുക്കോലയിലെ 33 കെ.വി സബ് സ്റ്റേഷന്റെ നിർമ്മാണവും പൂർത്തിയായി കഴിഞ്ഞു. ഇവിടെ നിന്ന് ഭൂഗർഭ കേബിളുകളിലൂടെ മുല്ലൂർതോട്ടം നാഗർക്ഷേത്രം വഴിയാണ് തുറമുഖത്തെ കൺട്രോൾ സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുന്നത്. ഇവിടെ നിന്നാണ് വിവിധ യൂണിറ്റുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത്. പരണിയത്തു നിന്നുള്ള 11 കെ.വി ലൈനിന്റെ നിർമ്മാണവും പൂർത്തിയായി. പി.യു.ബി കെട്ടിടത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. ഇവിടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്കു വേണ്ടിയുള്ള ഓഫീസും ഒരുക്കുന്നുണ്ട്.
പ്രതീക്ഷകൾ ഏറെ
വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊളംബോ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോ വിഴിഞ്ഞത്തെത്തും. ഇന്ത്യയിലെ കയറ്രുമതിക്കാർക്കും ഇറക്കുമതിക്കാർക്കും നല്ല അവസരമാണിത്. ദുബായ്, കൊളംബോ, സലാല, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങൾക്ക് പകരം വിഴിഞ്ഞം വഴി ട്രാൻസ്ഷിപ്പ്‌മെന്റ് നടത്തുമ്പോൾ 1500 കോടിയോളം രൂപ വിദേശനാണ്യം ലഭിക്കും. നിരവധി പേർക്ക് അനുബന്ധ തൊഴിലവസരങ്ങൾ ഉണ്ടാകും.
അന്താരാഷ്ട്ര കപ്പൽ ചാനലിന് 10 മൈൽ മാത്രം അകലെയാണ് വിഴിഞ്ഞം
18 മീറ്രർ സ്വാഭാവികമായ ആഴമെന്നതും അനുകൂല ഘടകമാണ്
രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലാണ് വിഴിഞ്ഞം പോർട്ട് പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആദ്യത്തെ തുറമുഖ പദ്ധതി
ആദ്യഘട്ടത്തിന്റെ ചെലവ് 7700 കോടി രൂപ
ഒരു ദശലക്ഷം ടി.ഇ.യു കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി