vinod-kumar-pallayil-veed

കാസർകോട്: മലയോരത്തെ കാർഷിക ഗ്രാമമായ ജില്ലാ പഞ്ചായത്തിന്റെ കള്ളാർ ഡിവിഷനിൽ പോരാട്ടം തീപ്പാറുന്നു. നിസാര വോട്ടുകൾക്ക് കൈവിട്ടുപോയ കള്ളാർ തിരിച്ചുപിടിക്കാൻ യു.ഡി.എഫ് ഒരുങ്ങുമ്പോൾ, മുന്നണിയിലെത്തിയ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് സീറ്റ് നൽകിയാണ് ഡിവിഷൻ നിലനിർത്താൻ ഇടതുമുന്നണി പൊരുതുന്നത്. ശക്തമായ സാന്നിദ്ധ്യം അറിയിക്കാൻ ബി.ജെ.പിയും രംഗത്തുണ്ട്.

കേരള കോൺഗ്രസ് ജോസ്‌ വിഭാഗം യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും യുവനിരയിലെ പോരാളിയുമായ ഷിനോജ് ചാക്കോ ആണ് ഇടതുമുന്നണി സ്ഥാനാർത്ഥി. വ്യാപാരി വ്യവസായി ഏകോപന സമിതി ഒടയഞ്ചാൽ യൂണിറ്റ് പ്രസിഡന്റും രാജപുരം മേഖലാ സെക്രട്ടറിയുമായ ഷിനോജ് ചാക്കോ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോടോം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫിനോട് തെറ്റി ഒറ്റയ്ക്കു മത്സരിച്ചു കരുത്ത് തെളിയിച്ചിട്ടുണ്ട്. കെ.സി ഫെറോന സെക്രട്ടറിയും റബ്ബർ കർഷകനുമാണ് ഈ യുവനേതാവ്.

എട്ടു വർഷം ഡി.സി.സി സെക്രട്ടറിയും യൂത്ത് കോൺഗ്രസ് ജില്ലാ, സംസ്ഥാന ഭാരവാഹിയുമായിരുന്ന വിനോദ് കുമാർ പള്ളയിൽ വീട് ആണ് യു.ഡി.എഫ് സ്ഥാനാർഥി. പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത്‌ മെമ്പറും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായി 10 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്. മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് കൂടിയാണ് വിനോദ്‌കുമാർ.

ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം സുകുമാരൻ കാലിക്കടവ് ആണ് ബി.ജെ.പിക്ക് വേണ്ടി ജനവിധി തേടുന്നത്. 2015 ൽ 1050 വോട്ടിന്റെ ഭൂരിപക്ഷം നേടി സി.പി.എമ്മിലെ ഇ. പത്മാവതി ജയിച്ച ഡിവിഷൻ ആണ് കള്ളാർ. കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിലെ ഒന്ന് മുതൽ എട്ട് വരെയും 15 മുതൽ 19 വരെയുള്ള വാർഡുകളും ബളാലിലെ ഒന്ന് മുതൽ നാല് വരെയും 14, 15, 16 വാർഡുകളും കള്ളാർ പഞ്ചായത്തിലെ 14 വാർഡുകളും പനത്തടി പഞ്ചായത്തിലെ എട്ട് മുതൽ 14 വരെയുമുള്ള വാർഡുകളും ചേർന്നതാണ് കള്ളാർ ഡിവിഷൻ. പനത്തടി, കള്ളാർ പഞ്ചായത്തുകളിലെ റിബൽ തർക്കങ്ങൾ കോൺഗ്രസിന് തലവേദനയാണ്. എന്നാലും യു.ഡി.എഫ് അനുകൂല ട്രെന്റ് ഉണ്ടെന്നാണ് വിനോദ് കുമാർ പറയുന്നത്. കോളനികളിലെ കുടിവെള്ള പ്രശ്നം, എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രയാസങ്ങൾ, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പരിഹാരം ആണ് ഷിനോജ് ചാക്കോ മുന്നോട്ടു വെക്കുന്നത്. കേന്ദ്രസർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ ഊന്നിയാണ് തന്നെയാണ് ബി.ജെ.പിയുടെ പ്രചരണം.

യു.ഡി.എഫ് അനുകൂല ട്രെന്റ് ഉള്ളതിനാൽ ഡിവിഷൻ തിരിച്ചു പിടിക്കും. മാണി കോൺഗ്രസ് കള്ളാറിൽ ഒരു ഭീഷണിയല്ല.

വിനോദ് കുമാർ പള്ളയിൽ വീട് (യു.ഡി.എഫ് സ്ഥാനാർത്ഥി)

പത്മാവതി നേടിയതിനേക്കാൾ ഭൂരിപക്ഷം നേടും. ജയിച്ചാൽ കുടിവെള്ളം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കും. ഷിനോജ് ചാക്കോ (എൽ.ഡി.എഫ് സ്ഥാനാർത്ഥി)

മുന്നണികളുടെ വികസന വിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങൾ വോട്ട് ചെയ്യും. കേന്ദ്ര വികസന പദ്ധതികൾ നടപ്പാക്കും.

സുകുമാരൻ കാലിക്കടവ്

(എൻ.ഡി.എ സ്ഥാനാർത്ഥി)