
നെടുമങ്ങാട്: സെപ്ടിക് ടാങ്ക് മാലിന്യം തോട്ടിൽ നിക്ഷേപിക്കുന്നതിനിടെ നിയന്ത്രണംവിട്ട ടാങ്കർ ലോറി റോഡിന് കുറുകെ മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കില്ല. സമീപവാസികൾ ഓടിക്കൂടിയപ്പോഴേയ്ക്കും ഡ്രൈവറും സഹായികളും ഓടിരക്ഷപ്പെട്ടു. കരകുളം മുല്ലശേരി ജംഗ്ഷന് സമീപം തിരുമാനൂർ ക്ഷേത്ര റോഡിൽ ഇന്നലെ രാത്രി 12ഓടെയാണ് അപകടം. അരുവിക്കര, നെടുമങ്ങാട് പൊലീസും ഫയർഫോഴ്സും എത്തിയെങ്കിലും കക്കൂസ് മാലിന്യം കയറ്റിയ ലോറി നീക്കം ചെയ്യാൻ സാധിച്ചില്ല. ഇവിടങ്ങളിൽ മാലിന്യ നിക്ഷേപം തുടർക്കഥയാണെന്നും തോട്ടിലെ മലിനജലം കിള്ളിയാറിലെത്തുന്നത് സാംക്രമിക രോഗങ്ങൾക്ക് കാരണമാകുന്നെന്നും പരാതിയുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേക്ഷണം നടത്തണമെന്ന് ചൈതന്യ നഗർ റസിഡന്റസ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഫോട്ടോ: മാലിന്യവുമായി റോഡിൽ മറിഞ്ഞ ലോറി