vld-1

വെള്ളറട: വോട്ടുചെയ്യാൻ എത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഹരിത ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ജനങ്ങൾക്ക് ബോധവത്കരണവുമായി മൈലച്ചൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. തിരുവന്തപുരം റൂറൽ ജില്ലാ പൊലീസിന്റെ സഹകരണത്തോടെയാണ് തദ്ദേശം 2020 എന്ന പേരിലുള്ള പരിപാടി നടപ്പാക്കിയത്. സൂപ്പർ സീനിയർ,​ സീനിയർ,​ ജൂനിയർ വിഭാഗങ്ങളിലായി 132 കേഡറ്റുകൾ വോട്ടർമാർക്ക് ലഘു ലേഖകൾ വിതരണം ചെയ്ത് പരിപാടിയിൽ പങ്കാളികളായി. റൂറൽ ജില്ലാ പൊലീസ് തയ്യാറാക്കിയ നോട്ടീസ് ചീഫ് ഇലക്ഷൻ കമ്മിഷണർ ടിക്കാറാം മീണ മൈലച്ചൽ സ്കൂൾ എസ്.പി.സി സീനിയർ കേഡറ്റ് യദു കൃഷ്ണൻ,​ രുദ്ര എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. സ്കൂൾ തല നോട്ടീസ് പ്രകാശനം ആര്യങ്കോട് പൊലീസ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ നിർവഹിച്ചു. ആര്യങ്കോട് സബ് ഇൻസ്പെക്ടർ സജി,​ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ സന്തോഷ് കുമാർ,​ മോളി,​ ഡ്രിൽ ഇൻസ്പെക്ടർമാരായ ബിജു,​ മഞ്ചു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.