election

 അഞ്ചു ജില്ലകളിൽ നാളെ തദ്ദേശ പോളിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് നാളെ ഒന്നാമങ്കം. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ചു ജില്ലകളിലായി മത്സരരംഗത്തുള്ളത് ആകെ 24,584 സ്ഥാനാർത്ഥികൾ. കൊവിഡ് ജാഗ്രതയോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നാളെ പോളിംഗ്. ബൂത്തിലെത്തുന്നത് 88.26 ലക്ഷം വോട്ടർമാർ.

കൊവിഡ് ബാധിച്ചവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൂടി തപാൽ വോട്ട് അനുവദിച്ചുള്ള തിരഞ്ഞെടുപ്പിൽ അവർക്ക് വോട്ട് ചെയ്യാൻ ഒരു മണിക്കൂർ മാറ്റി വച്ചിട്ടുണ്ട്. ആകെ 11,225 ബൂത്തുകൾ. 56,122 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും.ഇവർക്കെല്ലാം സാനിറ്റൈസറും ഫെയ്സ് ഷീൽഡും, പി.പി. ഇ. കിറ്റും മാസ്ക്കുമെല്ലാം ഒരുക്കിയിട്ടുണ്ട്. പോളിംഗ്സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ എട്ടു മണിയോടെ ജില്ലാകേന്ദ്രങ്ങളിൽ ആരംഭിക്കും. കൊവിഡ് പ്രോട്ടോക്കോളും പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടവും പോളിംഗ് സ്റ്റേഷനുകളിലുണ്ടാവും.കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഓരോ വോട്ടും ത്രിതല

പഞ്ചായത്തുകളിലേക്ക് മൂന്നു വോട്ട് വീതവുമാണ്.

തിരിച്ചറിയൽ

രേഖകൾ

ഇലക്ടറൽ വോട്ടർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്,

ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്,

വോട്ടർമാരുടെ

ശ്രദ്ധയ്ക്ക്

*അംഗപരിമിതർ,70വയസ് കഴിഞ്ഞവർ,രോഗബാധിതർ എന്നിവർക്ക് ക്യൂ നിൽക്കാതെ വോട്ട് ചെയ്യാം.

*മൂക്കും വായും മൂടത്തക്കവിധം മാസ്‌ക് ധരിച്ചിരിക്കണം.

*കുട്ടികളെ കൂട്ടരുത്

*രജിസ്റ്ററിൽ ഒപ്പിടുന്നതിനുള്ള പേന കരുതുക

* മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

*2 മീറ്റർ സാമൂഹിക അകലം പാലിക്കണം

*ബൂത്തിൽ ക്യൂവിൽ 6 അടി അകലം പാലിക്കണം.

*കൂട്ടം കൂടി നിൽക്കരുത്.ഹസ്തദാനം ഒഴിവാക്കുക

* ബൂത്തിൽ സാനിറ്റൈസർ ഉപയോഗിക്കണം

*ബൂത്തിനകത്ത് ഒരേസമയം പരമാവധി 3 വോട്ടർമാർ

*തിരിച്ചറിയലിന് ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റുക.

*വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് കഴുകണം

*വോട്ടെടുപ്പിന് തലേന്ന് 3 മണി വരെ കൊവിഡ് പോസിറ്റീവായവരും ക്വാറന്റൈനിലുള്ളവരും ബൂത്തിലേക്ക് പോകേണ്ടതില്ല.

" വോട്ട് ചെയ്യാം .ജാഗ്രതയോടെ. കൊവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്"

- ആരോഗ്യ മന്ത്രി കെ.കെ. ശൈലജ .