
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം നഗരത്തിൽ അവസാനിച്ചത് വലിയ ബഹളങ്ങളില്ലാതെ. ചെറിയ മഴ ചാറിയെങ്കിലും മുന്നണികൾ പിന്നോട്ടുപോയില്ല. വാർഡുകളിലെ പ്രകടനങ്ങളിലാണ് ഇത്തവണ സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. നടന്നുള്ള പ്രകടനങ്ങൾക്ക് പകരം സ്ഥാനാർത്ഥിക്കൊപ്പം വാഹനറാലിയാണ് ഉണ്ടായിരുന്നത്. ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് കാൽനടയായി പ്രകടനം നടന്നത്. രാവിലെ മുതൽ മൈക്ക് അനൗൺസ്‌മെന്റുകളും വാഹനറാലിയുമായി വാർഡുകളുടെ മുക്കിലും മൂലയിലും മുന്നണികൾ സജീവമായിരുന്നു. കാര്യമായ അനിഷ്ടസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്‌തില്ല. വട്ടിയൂർക്കാവ് നെട്ടയത്ത് കവല കേന്ദ്രീകരിച്ചുള്ള പ്രചാരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയ സംഘർഷമുണ്ടായി. പലയിടത്തും കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കപ്പെട്ടില്ല. ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ വീതമായിരുന്നു യാത്ര. പേരൂർക്കട, പൂജപ്പുര, വട്ടിയൂർക്കാവ്, കഴക്കൂട്ടം, തമ്പാനൂർ, വെള്ളയമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ പ്രചാരണസമയം അവസാനിക്കാറായപ്പോൾ പ്രവർത്തകരും സ്ഥാനാർത്ഥികളുമെത്തി. ഒരിടത്തും വാഹനങ്ങൾ നിറുത്താൻ പൊലീസ് അനുമതി നൽകിയില്ല.
ആളൊഴിഞ്ഞ് പേരൂർക്കട
സ്ഥിരമായി കൊട്ടിക്കലാശം നടക്കുന്ന പേരൂർക്കട ജംഗ്ഷൻ ഇത്തവണ പരസ്യപ്രചാരണത്തിന്റെ അവസാനനിമിഷവും ആളൊഴിഞ്ഞുകിടന്നു. ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ശക്തിപ്രകടനങ്ങൾക്ക് പകരം തുറന്ന വാഹനത്തിൽ ചുരുക്കം ബൈക്കുകളുടെ അകമ്പടിയോടെ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിച്ചെത്തി. മുദ്രാവാക്യം വിളികൾ ഇത്തവണ ആകാശത്തോളം ഉയർന്നില്ല. മുൻ വർഷങ്ങളിലെപ്പോലെ ഗതാഗതക്കുരുക്കും ഉണ്ടായില്ല. കാഴ്ചക്കാരായി വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇത്തവണയുണ്ടായിരുന്നത്. എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികൾ അവസാന പത്ത് മിനിട്ടിൽ പ്രവർത്തകരുമായെത്തി പ്രകടനം നടത്തി.
അവസരം ലഭിച്ചില്ലെന്ന
പരാതിയുമായി യു.ഡി.എഫ്
പേരൂർക്കടയിലെ പരസ്യപ്രചാരണം അവസാനിച്ചത് വാക്ക് തർക്കത്തോടെയാണ്. കൊട്ടിക്കലാശം പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശമുള്ളതിനാൽ പേരൂർക്കട ജംഗ്ഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ജു. ആർ പ്രവർത്തകർക്കൊപ്പം പ്രകടനത്തിനെത്തിയില്ല. പകരം വാഹനത്തിൽ വാർഡ് ചുറ്റി. പത്ത് മിനിട്ട് ബാക്കിയുള്ളപ്പോൾ ആദ്യം എൽ.ഡി.എഫ് സ്ഥാനാർത്ഥിയും പിന്നാലെ ബി.ജെ.പി സ്ഥാനാർത്ഥിയും പ്രവർത്തകർക്കൊപ്പം പ്രകടനം നടത്തി. മുമ്പ് തീരുമാനിക്കാത്തതിനാലും സമയം അവസാനിച്ചതിനാലും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് അവസരം ലഭിച്ചില്ല. ഇരുമുന്നണികളുടെയും പ്രകടനം മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസെത്തി ഇവരെ അനുനയിപ്പിച്ചു.
തീരദേശത്തും ആവേശം
തിരുവനന്തപുരം: കർശനമായ കാെവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ജില്ലാ ജില്ലാഭരണകൂടം മുന്നോട്ടുവച്ചിരുന്നെങ്കിലും പ്രചാരണച്ചൂടിന് തീരദേശമേഖലയിൽ കുറവില്ല. മുന്നണികൾ ചെറുപ്രകടനങ്ങളുമായി വോട്ടുപ്രചാരണം വാർഡുകളിൽ മാത്രമായി കേന്ദ്രീകരിച്ചു. ശംഖുംമുഖം, വലിയതുറ, പൂന്തുറ, വെട്ടുകാട്, വേളി, ബീമാപ്പള്ളി എന്നിവടങ്ങളിൽ വൈകിട്ട് അഞ്ചരയോടെ പ്രകടനങ്ങൾ അവസാനിപ്പിച്ചു. മിക്കയിടത്തും പൊലീസിന്റെ ശക്തമായ നിയന്ത്രണവും നിരീക്ഷണവുമുണ്ടായിരുന്നു. ഇനി അടിയൊഴുക്കുകളുടെയും തന്ത്രങ്ങളുടെയും ഒരു നിർണായകദിനം. ആടിനിൽക്കുന്ന വോട്ടുകൾ കൈക്കലാക്കാനും ഉറച്ച വോട്ടുകൾ ഒന്നുകൂടി ഉറപ്പിക്കാനുമുള്ള നിശബ്ദമായ നെട്ടോട്ടമാണ് ഇനി.