
തിരുവനന്തപുരം: കൊവിഡായാലും നിരീക്ഷണത്തിലായാലും ആർക്കും വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
കൊവിഡ് ബാധിതർക്കുള്ള തപാൽ വോട്ട് സംവിധാനത്തിൽ അപാകതയുണ്ടെന്ന പരാതികൾ ഉടൻ പരിഹരിക്കും. മേൽവിലാസക്കാരെ നേരിട്ട് സന്ദർശിച്ച് പ്രത്യേക കൊവിഡ് തപാൽ ബാലറ്റ് കൈമാറുന്നതിലാണ് കാലതാമസവും ആളെ കണ്ടെത്താൻ കഴിയാത്തതും പ്രശ്നമായത്. ഇത് പരിഹരിക്കാൻ തപാൽ വോട്ടിന് അപേക്ഷിക്കാനുള്ളവർ വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് വരണാധികാരി ലിസ്റ്റ് ചെയ്തിട്ടുള്ള ഡോക്ടറിൽ നിന്ന് കൊവിഡ് പൊസിറ്റീവ്, അല്ലെങ്കിൽ നിരീക്ഷണത്തിലാണെന്ന സർട്ടിഫിക്കറ്റുമായി അപേക്ഷിച്ചാൽ ഉടൻ തന്നെ തപാൽ മാർഗ്ഗം പ്രത്യേക ബാലറ്റ് പേപ്പർ അയച്ചുകൊടുക്കും. മൂന്ന് സെറ്റ് കവറുകളാണ് തപാൽ ബാലറ്റിൽ അയയ്ക്കുന്നത്. ഇത് വോട്ട് രേഖപ്പെടുത്തി വോട്ടെണ്ണുന്ന 16ന് മുമ്പ് വരണാധികാരിക്ക് ലഭിച്ചിരിക്കണം. തപാൽ ചാർജ്ജ് സൗജന്യമാണ്.
കൊവിഡ് തപാൽ വോട്ടിന് ഇന്ന് വൈകിട്ട് മൂന്ന് മണിവരെ മാത്രമേ അപേക്ഷിക്കാൻ കഴിയുകയുള്ളു. അതിന് ശേഷം കൊവിഡ് ബാധിക്കുന്നവർ നിർദ്ദിഷ്ട ഡോക്ടറുടെ സർട്ടിഫിക്കറ്റുമായി പി.പി. ഇ. കിറ്റ് ധരിച്ച് അതത് പോളിംഗ് സ്റ്റേഷനിൽ വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ടെത്തണം. ഇവർക്ക് അവിടങ്ങളിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും. സർക്കാർ ചികിത്സാകേന്ദ്രങ്ങളിൽ നിന്നുള്ളവർക്ക് പി. പി. ഇ. കിറ്റ് അവിടങ്ങളിൽ നിന്ന് സൗജന്യമായി ലഭിക്കും. അല്ലാത്തവർ സ്വന്തം ചെലവിൽ പി.പി. ഇ. കിറ്റ് തരപ്പെടുത്തണം. പി. പി. ഇ. കിറ്റ്ധരിച്ചെത്തുന്നവരുടെ വോട്ട് കള്ളവോട്ടല്ലെന്ന് ഉറപ്പാക്കാൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളുണ്ടാകും.