car

കാട്ടാക്കട:കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി വീണു. ഡ്രൈവറെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷിച്ചു.ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചക്രപാണിപുരം അനീഷ് കോട്ടേജിൽ അനീഷ്(30) ഓടിച്ചിരുന്ന കാറാണ് ഇന്നലെ വൈകിട്ട് നാല് മണിയോടെ കള്ളിക്കാട് തേവൻകോട് ആശ്രമത്തിന് സമീപത്തെ തോട്ടിലേക്ക് വീണത്.കുറ്റിച്ചൽ ഭാഗത്തുനിന്നും കള്ളിക്കാടേക്ക് വരുമ്പോഴായിരുന്നു അപകടം.നിയന്ത്രണം വിട്ട കാർ തലകുത്തനെ തോട്ടിലേക്ക് വീഴുകയായിരുന്നു.മഴയായതിനാൽ തോട്ടിൽ സാധാരണയിൽകൂടുതലായി വെള്ളം ഉണ്ടായിരുന്നു.ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ കയർ ഉപയോഗിച്ച് കാർ ഉയർത്തി നിർത്തി.സംഭവം അറിഞ്ഞെത്തിയ നെയ്യാർഡാം ഫയർഫോഴ്സ് അനീഷിനെ പുറത്തെടുക്കുകയായിരുന്നു.അനീഷിന് നെയ്യാർഡാം ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.