dd

കിളിമാനൂർ: നീണ്ട ഇടവേളയ്ക്ക് ശേഷം റബറിന് വിലക്കയറ്റമുണ്ടായത് കർഷകന് ആശ്വാസമാകുന്നു. മൂന്ന് വർഷത്തിന് ശേഷം ആദ്യമായി കിലോയ്ക്ക് 160 കടന്നു. കൊവിഡും, ലോക്ക് ഡൗണും ഒക്കെയായി നീണ്ട ഇടവേളയ്ക്ക് ശേഷം റബർ കർഷകർ പ്രതീക്ഷയോടെ ടാപ്പിംഗ് ആരംഭിച്ചപ്പോൾ ആദ്യം മഴ വില്ലനായി എത്തിയെങ്കിലും ഇപ്പോൾ റബറിന് വില കൂടിയതും, അനുകൂല കാലാവസ്ഥയും കർഷകന് ആശ്വാസമാകുന്നു. മറ്റു കാർഷികവിളകൾ എല്ലാം മാറ്റിവച്ച് ഏക്കർ കണക്കിന് റബർ വച്ച തോട്ടം ഉടമകളും ഇതിനെ ആശ്രയിച്ച് ഉപജീവനമാർഗം നടത്തുന്ന തൊഴിലാളികളും റബറിന് വിലയിടിഞ്ഞതോടെ ആശങ്കയിലായിരുന്നു. കുരുമുളക്, തെങ്ങ്, മറ്റു കാർഷിക വിളകൾ തുടങ്ങിയവ ഉപേക്ഷിച്ചാണ് മിക്കവരും റബർ കൃഷിയിലേക്കിറങ്ങിയത്. ആദ്യ സമയങ്ങളിൽ ആദായവും ഉണ്ടായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്ഥിതിയും മാറുകയായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് റബർ ഇറക്കുമതി ചെയ്തതും, ഇവിടെ സർക്കാർ റബറിന് താങ്ങ്‌വില നിശ്ചയിക്കാത്തതും റബറിന്റെ ദുരിതത്തിന് കാരണമായി. ഒാരോ പുതിയ സീസണും തുടങ്ങുമ്പോൾ ആയിരക്കണക്കിന് രൂപയാണ് ചില്ലി, ചിരട്ട, കയർ എന്നീ ഇനങ്ങളിൽ ചെലവാകുന്നത്. കഴിഞ്ഞവർഷം പ്രളയം കാരണം വളരെ കുറച്ച് ദിനങ്ങൾ മാത്രമായിരുന്നു ടാപ്പിംഗ് നടന്നിരുന്നത്. ഇപ്രാവശ്യം കൊവിഡ് പ്രതിസന്ധി ഉൾപ്പെടെ നിരവധി സാമ്പത്തിക പ്രശ്നങ്ങൾക്ക് ഇപ്പോഴത്തെ വിലമാറ്റം പരിഹാരമാകുമെന്നാണ് കർഷകർ പറയുന്നത്. ആഭ്യന്തര വിപണിയിൽ റബറിന് ഡിമാന്റ് കൂടി. തായ്ലന്റിൽ അസാധാരണമായ ഇലവീഴ്ച രോഗം റബറിനെ ബാധിച്ചത് ഉല്പാദനം കുറച്ചു. ഇതോടെ അന്താരാഷ്ട്ര മാർക്കറ്റിൽ റബർ ലഭ്യത കുറഞ്ഞു. വാഹന വിപണിയിലുണ്ടായ ഉണർവും വില ഉയരാൻ കാരണമായി.

ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റബർ മരങ്ങൾക്ക് വിശ്രമം നൽകും.

മേയ് മാസത്തോടെ ടാപ്പിംഗ് ആരംഭിക്കും

ഒരു മരം ടാപ്പിംഗ് കൂലി - 1.50, 2 രൂപ നിരക്കിൽ

മഴക്കാലത്ത് ടാപ്പിംഗ് നടക്കില്ല

നൂറ് റബർ മരമുള്ള കർഷകന് ലഭിക്കുന്ന ഷീറ്റ് - 5, 6 എണ്ണം

ഇപ്പോൾ വില (കിലോയ്ക്ക്) - 160- 165 രൂപ

രണ്ട് മാസം മുൻപ് 80-85 രൂപ ആയിരുന്നു