
തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സ്വതന്ത്രവും സുരക്ഷിതവുമായി വോട്ട് ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ സൗകര്യമൊരുക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അഭ്യർത്ഥിച്ചു. പഞ്ചായത്തുകളിലെ പോളിംഗ് സ്‌റ്റേഷനുകളുടെ 200 മീറ്റർ പരിധിക്കുള്ളിലും നഗരസഭയിൽ 100 മീറ്റർ പരിധിക്കുള്ളിലും വോട്ട് പിടിക്കാനോ പ്രചാരണം നടത്താനോ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌കും ഈ പരിധിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ അംഗീകൃത പ്രവർത്തകർക്ക് ബാഡ്ജുകളും തിരിച്ചറിയൽ കാർഡുകളും ഉണ്ടാകണം. സമ്മതിദായകർക്ക് നൽകുന്ന സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ പാടില്ല. രാഷ്ട്രീയ കക്ഷികളോ സ്ഥാനാർത്ഥികളോ വോട്ടർമാരെ പോളിംഗ് സ്‌റ്റേഷനിൽ എത്തിക്കാൻ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്. തിരഞ്ഞെടുപ്പ് നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫീസർ, വെബ് കാസ്റ്റിംഗ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർക്കൊഴികെ ആർക്കും മൊബൈൽഫോൺ പോളിംഗ് സ്‌റ്റേഷനകത്ത് കൊണ്ട് പോകാൻ അനുവാദമില്ല.
മറ്റു നിർദേശങ്ങൾ
പോളിംഗ് സ്‌റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ലിപ്പ് വിതരണം നടത്തുന്ന സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ നിർബന്ധമായും കരുതണം.
സ്ലിപ്പ് വിതരണം നടത്തുന്നവർ മാസ്‌കും,കയ്യുറയും ധരിക്കണം.
വോട്ടെടുപ്പ് ദിവസം സ്ഥാനാർത്ഥികളും ഏജന്റുമാരും വാഹനങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം പാലിക്കണം.
പെർമിറ്റുകൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കണം.
പ്രചാരണത്തിനായി മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തിയിട്ടുള്ളവർ പരസ്യ പ്രചാരണം അവസാനിച്ചാൽ നിയോജകമണ്ഡലം വിട്ട് പുറത്ത് പോകണം.