
കാസർകോട്:ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസിലെ ഒന്നാം പ്രതി ജ്വല്ലറി മാനേജിങ് ഡയറക്ടർ ചന്തേരയിലെ ടി.കെ.പൂക്കോയ തങ്ങൾ, ജ്വല്ലറി ജനറൽ മാനേജർ സൈനുൽ ആബിദീൻ എന്നിവർ മുങ്ങിയിട്ട് ഒരു മാസം.മകനും കേസിലെ പ്രതിയുമായ എ.പി.ഹിഷാം,നേരത്തെ വിദേശത്തേക്ക് കടന്ന് ഒളിവിലാണ്. കഴിഞ്ഞ നവംബർ ഏഴിനാണ് പൂക്കോയ ഒളിവിൽ പോയത്. എം സി ഖമറുദ്ദീൻ എം എൽ എയെ അറസ്റ്റ് ചെയ്ത നവംബർ ഏഴിനാണ് തങ്ങളും മുങ്ങിയത്.ഖമറുദീനെ അറസ്റ്റ് ചെയ്തിട്ട് തിങ്കളാഴ്ചത്തേക്ക് ഒരു മാസം തികയുകയാണ്.എസ്പി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എം.സി. ഖമറുദ്ദീൻ പിടിയിലായതോടെ അപകടം മണത്ത തങ്ങൾ ഒളിവിൽ പോവുകയായിരുന്നു. ഇതേ തുടർന്ന് കേസിൽ പൂക്കോയ തങ്ങളും മകൻ ഹിഷാമും അടക്കം മൂന്ന് പേർക്കെതിരെ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യസൂത്രധാരൻ ടി.കെ പൂക്കോയ തങ്ങളെ പിടികൂടാൻ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. പൂക്കോയ തങ്ങളെയും മറ്റ് രണ്ട് കൂട്ടുപ്രതികളെയും അന്വേഷണ സംഘം പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കി നിക്ഷേപകരുടെ കൂട്ടായ്മ കാസർകോട്ട് പ്രതിഷേധ ധർണയും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു.
നിക്ഷേപ തട്ടിപ്പ് കേസിൽ എം.എൽ.എയെ മാത്രം അറസ്റ്റ് ചെയ്ത് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. പൂക്കോയ തങ്ങൾ ഉൾപ്പടെയുള്ള പ്രതികളെ പിടികൂടാൻ തിരച്ചിൽ അന്വേഷണ സംഘം ശക്തമാക്കി എങ്കിലും ഫലമുണ്ടായില്ല. സ്വർണ വ്യാപാരത്തിൽ ഒപ്പം ഉണ്ടായിരുന്നവർ നടത്തിയ വീഴ്ചകൾ ഖമറുദ്ദീന്റെ അറസ്റ്റിനു വേഗം കൂട്ടിയപ്പോൾ ഇടതുമുന്നണിക്ക് ലഭിച്ചത് സർക്കാരിനെതിരെ യുഡിഎഫ് നടത്തി വരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ശക്തമായ ആയുധമായിരുന്നു.
പ്രതീക്ഷയില്ലാതെ നിക്ഷേപകർ
കേസ് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാവുമ്പോഴും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്ല. 749 നിക്ഷേപകർക്ക് 150 കോടി രൂപ കൊടുക്കാനുണ്ടെന്നാണ് പറയപ്പെടുന്നത്.നാലു പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച 150 ഓളം പരാതികളിൽ 97 കേസുകളിലാണ് ഖമറുദ്ദീൻ പ്രതി ചേർക്കപ്പെട്ടത്. ഈ കേസുകളിൽ മാത്രമായി 15 കോടി രൂപ നിക്ഷേപകർക്ക് നൽകാനുണ്ട്.