തിരുവനന്തപുരം: ബൈക്ക് റാലിക്കിടെ അപകടകരമായ വിധത്തിൽ പടക്കം പൊട്ടിയതിനെ തുടർന്ന് തീപിടിത്തമുണ്ടായ സംഭവത്തിൽ രണ്ടുപേരെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റുചെയ്‌തു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷൻ നടയിൽ കുത്തിയിരുന്ന് സമരം ചെയ്‌ത നെട്ടയം വാർഡിലെ സി.പി.എം വിമത സ്ഥാനാർത്ഥി നല്ലപെരുമാൾ ഉൾപ്പെടെ 10 പ്രവർത്തകരെ അറസ്റ്റുചെയ്‌തു. ഇന്നലെ രാത്രി 10ഓടെയായിരുന്നു വട്ടിയൂർക്കാവ് സ്റ്റേഷനിൽ നാടകീയ സംഭവങ്ങൾ. പടക്കം പൊട്ടിച്ചതിന് പിടികൂടിയ രണ്ടുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇവരെ റിമാൻഡ് ചെയ്യാനാണ് തീരുമാനം. പെരുമാൾ അടക്കം 10 പേരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വൈകിട്ട് 5.30നാണ് പെരുമാളിന്റെ റോഡ്ഷോ ആരംഭിച്ചത്. നെട്ടയം ജംഗ്‌ഷനിൽ പൊലീസ് വിലക്ക് മറികടന്ന് ഇവർ റോഡിലുടനീളം പടക്കങ്ങൾ പൊട്ടിച്ചു. ഇതിൽ നിന്നുള്ള തീപ്പൊരി വീണ് റാലിയിൽ കൊണ്ടുവന്ന ഹൈഡ്രേജൻ ബലൂണുകൾ പൊട്ടിത്തെറിച്ച് തീഗോളം ഉയർന്നു. ഇതിനുപിന്നാലെ ഒരു കടയുടെ ഷീറ്റിലേക്ക് തീപടർന്നു. ബലൂണുകൾ കത്തിയമർന്നതോടെ ആളുകൾ പരിഭ്രാന്തരായെന്നും പൊലീസ് വ്യക്തമാക്കി. നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. ഒടുവിൽ പടക്കങ്ങൾ പൊട്ടിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു