
കൊവിഡ് ബാധിതർ വർദ്ധിക്കരുതെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ, അതിനനുസരിച്ചുള്ള ശ്രദ്ധ ഉണ്ടാകുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.
'കുറേ നാളായി ഇതൊക്കെ ശ്രദ്ധിക്കുന്നു. ഇതിൽ കൂടുതൽ പറ്റുമോ?'എന്ന് ചോദിക്കുന്നവരാണ് അധികവും. മറ്റു ചിലർ മടുത്ത മട്ടാണ്.
ബ്രേക്ക് ദ ചെയിൻ പോളിസി ഒരു കാരണവശാലും ഒഴിവാക്കരുതെന്ന ആരോഗ്യ പ്രവർത്തകരുടെ ആവർത്തിച്ചുള്ള പറച്ചിലും പൊലീസിനോടുള്ള പേടിയും കാരണം തുടക്കത്തിൽ അനുസരിച്ചവർ പോലും മറ്റുള്ളവരെ കണ്ട് പഠിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ വീണ്ടും വഷളാകുന്ന ലക്ഷണമാണ്.
ചില വിഭാഗത്തിലുള്ളവരിൽ രോഗം സംശയിക്കുന്നവർ ആന്റിജൻ ടെസ്റ്റിനേക്കാൾ കൂടുതൽ കൃത്യതയുള്ള ആർ.ടി.പി.സി.ആർ തന്നെ ചെയ്യണമെന്ന് സർക്കാർ നിർദ്ദേശം വന്നു കഴിഞ്ഞു. ആന്റിജൻ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവർ ആർ.ടി.പി.സി.ആർ ചെയ്യണമെന്നും അല്ലെങ്കിൽ ടെസ്റ്റ് ചെയ്ത ദിവസം മുതൽ 7 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും നിർദ്ദേശമുണ്ടായിരുന്നെങ്കിലും 'എനിക്ക് കൊവിഡില്ലേ' എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് കൂട്ടുകാരെ കെട്ടിപ്പിടിച്ച് ഒരു ഓട്ടമായിരുന്നു പിന്നെ കണ്ടത്.
കൊവിഡ് വർദ്ധിക്കാനിടനൽകുന്ന നിരവധി കാര്യങ്ങൾ നിലവിലുണ്ട്. പണ്ടത്തെപ്പോലെ ചായ കുടിക്കാനും കറങ്ങി നടക്കാനും ഒന്നിച്ചു കൂടുന്നതു മുതൽ തിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങൾ ഒന്ന് ഓർമ്മിച്ചെടുക്കുന്നതാണ് ഞാൻ പറയുന്നതിനേക്കാൽ നല്ലത്.
ആരുമായി സമ്പർക്കത്തിൽ വന്നാലും രണ്ട് മീറ്റർ അകലത്തിൽ നല്ലൊരു മാസ്ക് വച്ച് സുരക്ഷിതരാകാമെന്ന് നമുക്കറിയാം. എന്നാൽ, കാലാവസ്ഥ ഉൾപ്പെടെ ഇപ്പോൾ വില്ലനാണ്.
പലവിധ പകർച്ചവ്യാധികളാൽ കഷ്ടപ്പെടുത്തുന്ന കാലാവസ്ഥയാണ് ആരുമാരും ശ്രദ്ധിക്കാതെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പല രോഗങ്ങളുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ കയറിയിറങ്ങിയവർ ഇപ്പോൾ കൊവിഡിന്റെ കാര്യം മാത്രമേ സംസാരിക്കുന്നുള്ളൂ. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിച്ച മാസ്ക് ഇക്കാലത്ത് വില്ലനായേക്കാവുന്ന മറ്റു പല രോഗങ്ങളെയും നമ്മൾ പോലുമറിയാതെ 'മാസ്ക് ' ചെയ്തു എന്നതാണ് യാഥാർത്ഥ്യം.
നല്ലൊരു എൻ 95 മാസ്ക് ധരിച്ചാൽ ശ്വാസമെടുക്കാൻ പ്രയാസവും ചിലപ്പോൾ തലവേദനയും കണ്ണട ഉപയോഗിക്കുന്നവർക്ക് പുകമറയും ഉണ്ടാകാനിടയുണ്ട്. അത്രയും കുഴപ്പമേ മാസ്ക് കാരണം ഉണ്ടാകുന്നുള്ളൂ എന്ന് സാരം. എന്നാൽ, ചിലർക്കെങ്കിലും അതിൽ കൂടുതലായി രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതുൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ നിരീക്ഷിക്കപ്പെടുന്നുണ്ട്.
രണ്ട് മീറ്ററിനുള്ളിൽ ആളില്ലാത്തയിടത്തുനിന്ന് ശുദ്ധവായു ശ്വസിച്ചും ഇടയ്ക്കിടെ കുറേശ്ശെ വെള്ളം കുടിച്ചും പരമാവധി സമയം സ്വന്തം മുറിയിലും ആളില്ലാത്ത മറ്റിടങ്ങളിലും കഴിച്ചുകൂട്ടിയുമൊക്കെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ.
ആളുകൾ കൂടി നിൽക്കുന്ന ഇടങ്ങളിൽ മാസ്ക് ഒരു സുരക്ഷിത കവചം തന്നെയാണ്. എന്നാൽ, പല ബുദ്ധിമുട്ടുകൾ പറഞ്ഞ് മാസ്ക് ശരിയായി വയ്‌ക്കാത്തവർ യഥാർത്ഥത്തിൽ ബുദ്ധിമുട്ടിലായി എന്നതാണ് സത്യം.
ഉപയോഗിച്ച മാസ്ക് വിയർത്തും നനച്ചും കുതിർത്തും വീണ്ടുമുപയോഗിച്ചവർക്കും കഴുകിക്കഴുകി മാസ്കിന്റെ യഥാർത്ഥ പ്രയോജനം നശിപ്പിച്ചവർക്കും ഇടയ്ക്കിടെ ഊരി ദീർഘശ്വാസം വിട്ട് മാസ്ക് തിരിച്ചും മറിച്ചും വയ്ക്കുവർക്കും മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ വേണ്ടി മാത്രം മാസ്ക്കിട്ടവർക്കും തുമ്മാനും ചുമയ്ക്കാനും സംസാരിക്കാനും സെൽഫിയെടുക്കാനും തിരക്കുള്ള ഇടങ്ങളിലിരുന്ന് ഭക്ഷണം കഴിക്കാനും വേണ്ടി മാസ്ക് മാറ്റിയവർക്കും മാസ്ക് മാറ്റി മറ്റുള്ളവരെ മുഖം കാണിച്ചു നടന്നവർക്കുമൊക്കെ മാസ്കിന്റെ യഥാർത്ഥ ഗുണം കിട്ടാനിടയില്ല.
പല രോഗങ്ങളും പകരുന്നത് ഒരു മാസ്ക് കൊണ്ട് തടയാൻ കഴിയുമെങ്കിലും അവശ്യകാര്യങ്ങൾ ചെയ്യുന്നതിന് മടിക്കേണ്ടതില്ല. സുരക്ഷിതത്വമുറപ്പാക്കി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകണം. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ ഒരു സാധാരണ ജലദോഷം മുതൽ കൊവിഡ് 19 വരെയുള്ള പകർച്ചവ്യാധികളെ തടയാനുള്ള എല്ലാ വിധ മുൻകരുതലുകളും സ്വീകരിക്കുന്നവരായി നമ്മൾ മാറണം എന്ന കാര്യം മറക്കരുത്.
തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള എല്ലാ സജ്ജീകരണങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാലും സ്വയം സംരക്ഷണമെന്ന നിലയിൽ നമ്മളും ശ്രദ്ധിക്കേണ്ടതുണ്ട്.
ശ്രദ്ധ എന്തുകൊണ്ട് ?
നിരീക്ഷണത്തിൽ കഴിയേണ്ട പലരും പൊതുജനങ്ങളുമായി സഹകരിക്കുന്നുണ്ട്.
ജീവിതമാർഗ്ഗങ്ങൾ തേടുന്നവർ മുമ്പത്തെപ്പോലെ നമുക്കിടയിൽ തന്നെയുണ്ട്. നമ്മൾ ഇപ്പോൾ പലയിടത്തും അത്യാവശ്യത്തിനും കുറച്ചെങ്കിലും അല്ലാതെയും പോകുന്നുമുണ്ട്.
സോപ്പും വെള്ളവും ഉപയോഗിച്ച് ആൾക്കാർ പഴയതുപോലെ കൈ കഴുകുന്നില്ല.കൈകൾ കഴുകേണ്ട രീതിയിലുള്ള ശ്രദ്ധയും കുറഞ്ഞു. സാനിട്ടൈസറിൽ കുളിച്ചവരെല്ലാം അതൊക്കെ അവസാനിപ്പിച്ചു.
പുറത്തിറങ്ങി തിരിച്ചെത്തിയാൽ വസ്ത്രം കഴുകിയും കുളിച്ചും വൃത്തിയായവർ അതും നിറുത്തി. പണ്ടും ഇതൊക്കെ ശീലമുണ്ടായിരുന്നവർ മാത്രമാണ് ഇപ്പോഴും ചെയ്യുന്നതെന്ന അവസ്ഥയിലായി.
പണ്ടെങ്ങാണ്ട് വാങ്ങിയ മാസ്ക് വീണ്ടും വീണ്ടുമുപയോഗിച്ച കാരണം പലർക്കും അതിപ്പോൾ ചെവിയിൽ വച്ചാൽ ഊർന്നു വീഴുമെന്ന അവസ്ഥയായി. ഗ്ലൗസ് ഉപയോഗിച്ചവരും പല കാരണങ്ങൾ പറഞ്ഞ് അതൊക്കെ നിർത്തി.
രോഗികളോ, രോഗവാഹകരായവരോ സ്പർശിക്കുന്ന ഇടങ്ങളിൽ തീർച്ചയായും മറ്റുള്ളവർ സ്പർശിക്കേണ്ടി വരുന്നു. ശാരീരിക അകലമൊന്നും ഇനി പാലിക്കേണ്ടതില്ലെന്ന് വിചാരിക്കുന്നവർ ഷേക്ക് ഹാൻഡ് തരികയോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്നു.
വീടുകൾക്കുള്ളിലെ പല വിധ തൊഴിലുകൾ, കെട്ടിടപ്പണികൾ, കടകളിലെ കച്ചവടങ്ങൾ, മറ്റ് വ്യവസായങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർ വേണ്ടത്ര ശ്രദ്ധ നൽകുന്നില്ല. അവർ മറ്റുള്ളവരുമായും തിരികെ വീട്ടിൽ ചെന്ന് വീട്ടുകാരുമായും സുരക്ഷിതമല്ലാത്ത രീതിയിൽ സഹകരിക്കുന്നു. കോവിഡ് കാരണം മുടങ്ങിയ പല കാര്യങ്ങളും സാധിക്കുന്നതിനായി യാത്രകൾ ചെയ്യേണ്ടി വരുന്നു. ഓഫീസ്, അക്ഷയ സെന്റർ എന്നിങ്ങനെ പലരും വരുന്ന സ്ഥലങ്ങൾ ഒഴിവാക്കാൻ കഴിയില്ല. അതിനാൽ
ഒരാൾ കൈകാര്യം ചെയ്യുന്ന ഇടം മറ്റൊരാൾ ഉപയോഗിക്കേണ്ടിവരുന്നു.
അണുനശീകരണ പ്രവർത്തനങ്ങൾ മുമ്പത്തെപ്പോലെ കാര്യക്ഷമമല്ലാത്തതിനാൽ രോഗ സാദ്ധ്യതയുണ്ട്.
എന്താണ് പോംവഴി ?
സ്വയം സംരക്ഷണ മാർഗ്ഗങ്ങൾക്ക് പ്രാധാന്യം നൽകണം. ബ്രേക് ദ ചെയിൻ പോളിസി കൂടുതൽ കാര്യക്ഷമമാക്കുവാൻ സ്വന്തം നിലയിൽ കൂടി ശ്രദ്ധിക്കണം.
കൊവിഡിനെ കൂടുതൽ അടുത്തറിഞ്ഞത് അതിനെതിരെ പ്രവർത്തിക്കാനുള്ള പരിശീലനമായി കരുതണം. അല്ലാതെ നിസ്സാരമായി കാണരുത്.
കൊവിഡ് ഉൾപ്പെടെയുള്ള ഏത് പകർച്ചവ്യാധിയായാലും അതിനെതിരെ പ്രവർത്തിക്കാനുള്ള ആരോഗ്യം മെച്ചപ്പെടുത്തണം. മനോബലം വർദ്ധിപ്പിക്കണം.
അത്യാവശ്യ കാര്യങ്ങൾക്കു മാത്രമായി മറ്റുള്ളവരുമായി സഹകരിക്കുന്നത് പരിമിതപ്പെടുത്തണം.
ഉത്സവങ്ങളിലും ആഘോഷങ്ങളിലും ആളുകൂടുന്ന മറ്റിടങ്ങളിലും പരമാവധി പങ്കെടുക്കാതിരിക്കുക.
സുരക്ഷാ മുൻകരുതലുകൾ എപ്പോഴും സ്വീകരിക്കണം.