water-authority

രാമനാട്ടുകര: കാത്തിരിപ്പിനൊടുവിൽ സഞ്ചാര യോഗ്യമാക്കിയ റോഡ് വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ചു. ജില്ലാ അതിർത്തിയിലെ രാമനാട്ടുകര ഹൈസ്‌ക്കൂൾ റോഡാണ് മാസങ്ങൾക്കു മുൻപ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കിയത്. ഈ റോഡിലാണ് കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി ജീവനക്കാർ കുഴിയെടുത്ത് പണി തുടങ്ങിയത്. രാമനാട്ടുകര നഗരസഭയിൽ നടപ്പാക്കുന്ന ചീക്കോട് കുടിവെള്ള പദ്ധതിക്കായി പൈപ്പ് ഇട്ടതിൽ വാൾവ് വെച്ചില്ലെന്നു പറഞ്ഞാണ് ഇപ്പോൾ റോഡിൽ കുഴിയെടുക്കുന്നതത്രെ. ഈ ജലസേചന പദ്ധതിക്കായി കീറിയതോടെ റോഡ് പൊട്ടിപ്പൊളിഞ്ഞു കാൽ നടയാത്രക്ക് പോലും പറ്റാത്ത അവസ്ഥയിലായിരുന്നു നഗരസഭയിലെ 12,13 ഡിവിഷനിൽ കൂടി കടന്നു പോകുന്ന 851 മീറ്റർ നീളമുള്ള റോഡിന്റെ പരിതാപകരമായ അവസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തിറങ്ങിയതോടെയാണ് കഴിഞ്ഞ മാർച്ചിൽ റോഡ് റീ ടാർ ചെയ്തത്. 4.7 മീറ്റർ വീതിയുള്ളതാണ് റോഡ്. ഈ റോഡിന്റെ അവസാന ഭാഗം മലപ്പുറം ജില്ലയിൽ കൂടി കടന്നുപോകുന്നതാണ് ഈ ഭാഗത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണി നടത്തിയിരുന്നു. പൈപ്പ് ഇടുന്ന സമയത്ത് തന്നെ ഈ വാൾവും വെച്ചിരുന്നെങ്കിൽ ഇപ്പോൾ വീണ്ടും റോഡ് വെട്ടി പൊളിക്കേണ്ടിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.