
മാഹി: കൊവിഡു വന്നകാലത്ത് മിക്ക കുടുംബങ്ങളും വീടുകളിൽ ഒതുങ്ങിയിരുന്നു. ഇക്കാലത്ത് ചാലക്കര കുഞ്ഞിപ്പുര മുക്കിലെ റസിഡൻസ് അസോസിയേഷൻ ഒരു കുടുംബമായും മാറി. സാമൂഹ്യ അകലം പാലിച്ചും മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ച് പല വീടുകളിലുള്ളവർ കാടുപിടിച്ച വിശാലമായ കുനിത്തല പറമ്പ് വൃത്തിയാക്കി പലതരം കൃഷിയിലേർപ്പെട്ടു. ഇതിന് ചെടിയൂട്ട് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ സഹകരണവുമുണ്ടായിരുന്നു. ഇന്നിപ്പോൾ വൈകീട്ട് 4 മണി മുതൽ 6.30 വരെ കുടുംബാംഗങ്ങളെല്ലാം ഇവിടെ ഒത്തുചേരും.
കൃഷി പാഠങ്ങൾ ചർച്ച ചെയ്യും. പലതരം കൃഷി പണികളിൽ വ്യാപൃതരാകും. തക്കാളി, പച്ചമുളക്, കോളി ഫ്ളവർ, വഴുതിന, ഇഞ്ചി, മഞ്ഞൾ, ചേന കോവക്ക, പയർ, ചേമ്പ്, കയ്പ, വിവിധയിനം വാഴകൾ കരിമ്പ് തുടങ്ങിയവയെല്ലാം കൃഷിയിടങ്ങളിൽ വിളഞ്ഞ് നിൽപ്പുണ്ട്. കുട്ടികളും, സ്ത്രീകളും യുവാക്കളുമെല്ലാമടങ്ങിയ ടീമാണ് ഹരിതവിപ്ലവത്തിന്റെ പ്രയോക്താക്കൾ. ഇവരിൽ അദ്ധ്യാപകരും, ഉദ്യോഗസ്ഥരും, രാഷ്ട്രീയ പ്രവർത്തകരുമെല്ലാമുണ്ട്. പി.ടി. ദേവരാജ്, സുജിത്ത്, പത്മനാഭൻ, പ്രീത, ഷൈജ, കെ. റസാഖ്, ഷീജ, യതീഷ് കുമാർ, ഇ.കെ. രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകിവരുന്നു.
എല്ലാ ദിവസവും വൈകീട്ട് ഒത്തു ചേരുന്നത് ശീലമായി മാറിയ ഇവർ കൃഷി മാത്രമല്ല, സാമൂഹ്യ ആരോഗ്യ പ്രശ്നങ്ങൾ തൊട്ട് ജീവകാരുണ്യവും കലയും സാഹിത്യവുമെല്ലാം ചർച്ചാ വിഷയമാക്കുന്നുണ്ട്. അവയിൽ പങ്കാളികളാവുന്നുമുണ്ട്. സ്വയം പാകം ചെയ്തുള്ള നാടൻ ലഘുഭക്ഷണത്തിന് ശേഷമാണ് പിരിയുക.