mukkam

മുക്കം: തിരഞ്ഞെടുപ്പാകുമ്പോൾ പരസ്പരം മത്സരിക്കേണ്ടി വരും. അഛനും മകനും തമ്മിലും ജ്യേഷ്ഠനും അനുജനും തമ്മിലും ഭാര്യയും ഭർത്താവും തമ്മിലും മത്സരം നടക്കാം. മത്സരം മുറുകിയാൽ കുടുംബ ബന്ധങ്ങളും സുഹൃദ് ബന്ധങ്ങളുമൊന്നും ആരും ഗൗനിക്കാറില്ല.
പ്രചാരണത്തിന്റെ കാര്യത്തിലുമുണ്ട് അലിഖിത നിയമങ്ങൾ. ഒരാളുടെ, അല്ലെങ്കിൽ പാർട്ടിയുടെ ചുമരെഴുത്തോ വാൾ പോസ്റ്ററോ ബാനറോ ബോർഡോ ഉണ്ടെങ്കിൽ അതിന്റെ മുകളിലോ അതിന്റെ കാഴ്ച മറയ്ക്കും വിധത്തിലോ ആരും ഒന്നും ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ ആരും സഹിക്കുകയുമില്ല. കയ്യാങ്കളിയും കത്തിക്കുത്തും സംഘട്ടനവും സംഘർഷവും എല്ലാം നടക്കും.
എന്നാൽ മുക്കത്തിനടുത്തെ കുമാരനെല്ലൂർ (കാരശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ്) ഇതിനപവാദമാണ്. അവിടെയുള്ളവർക്ക് തിരഞ്ഞെടുപ്പിൽ വാശിക്ക് കുറവൊന്നുമില്ലെങ്കിലും സൗഹൃദവും സ്‌നേഹബന്ധങ്ങളും സമാധാനാന്തരീക്ഷവും
തകരരുതെന്ന കാര്യത്തിലും അതേ വാശിതന്നെയാണ്. അതിനാൽ അവിടെ പ്രചാരണ ബോർഡുകളും ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കാൻ പ്രത്യേകം സ്ഥലമോ വേർതിരിവോ ഒന്നുമില്ല. മത്സര രംഗത്തുള്ള മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളുടെ പരസ്യങ്ങൾ ഒരേ സ്ഥലത്ത് ഇടകലർന്ന് തന്നെ കിടക്കുന്നു.
എൽ.ജെ.ഡി.സ്ഥാനാർത്ഥിയാണ് ഈ ജനാധിപത്യ മാതൃക തുടങ്ങി വച്ചത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കുമാരനെല്ലൂർ ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി രാജിത മൂത്തേടത്തിന്റെ (എൽ.ജെ.ഡി) വീടിന്റെ മുൻവശവും റോഡിനോടു ചേർന്നുള്ള പുരയിടമാകെയും നിറഞ്ഞിരിക്കുന്നത് കക്ഷി ഭേദമില്ലാതെ എല്ലാവരുടെയും പ്രചരണ സാമഗ്രികൾ. ബോർഡുകളും ബാനറുകളും പോസ്റ്ററുകളും കൊടികളും തോരണങ്ങളുമൊക്കെ ഇതിൽ പെടും. അടുത്തു തന്നെയുള്ള എൽ.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ പരിസരത്തും ഇതു തന്നെയാണ് കാഴ്ച്ച.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി വി.പി. ജമീല, യു.ഡി.എഫ്. സ്ഥാനാർഥി പി. ബൾക്കീസ്, ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജിത മൂത്തേടത്ത്, യു.ഡി.എഫിലെ റീന പ്രകാശ്, കാരശേരി ഗ്രാമപ്പഞ്ചായത്ത്
എൻ.ഡി.എ. സ്ഥാനാർഥി വി.പി. ഷിൽജ, എൽ.ഡി.എഫ്. സ്ഥാനാർത്ഥികളായ ശ്രുതി കമ്പളത്ത് (ഒന്നാം വാർഡ്) , വിപിൻ ബാബു (രണ്ടാം വാർഡ്), യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഷാഹിന നാസർ, ജംഷിദ് ഒളകര എന്നിവരുടെയെല്ലാം പോസ്റ്റർ മാലകളും ബോർഡുകളുമൊമൊക്കെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീട്ടുമുറ്റത്തും പുരയിടത്തിലാകെയും നിറഞ്ഞു കവിഞ്ഞു കിടക്കുകയാണ്. സൗഹൃദത്തിന്റെ ഈ അപൂർവ്വമാതൃക തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും കാത്തുസൂക്ഷിക്കാൻ കഴിയുന്നത് ഏവരുടെയും പ്രശംസയ്ക്ക് ഇടയാക്കുന്നുണ്ട്.