gangan

കാഞ്ഞങ്ങാട്: കൊവിഡ് പിടിമുറുക്കിയ കാലത്ത് മാനസികമായും ശാരീരികമായും ഒറ്റപ്പെട്ട വൃദ്ധർ പുത്തൻ പ്രഭാതത്തിനായി കാത്തിരിക്കുന്നു. കൊവിഡ് പേടിയിൽ പ്രഭാത സവാരിയും വൈകുന്നേരങ്ങളിലെ കൂട്ടായ്മകളും നഷ്ടപ്പെട്ടതോടെ മാനസികമായും ശാരീരികമായും തളർന്ന നിലയിലാണിവർ. വെള്ളക്കോത്തെ റിട്ട. അദ്ധ്യാപകനും പ്രഭാഷകനുമായിരുന്ന പി.പി ഗംഗാധരൻ നായർ കൊവിഡ് കാരണം വീട്ടിൽ വിശ്രമത്തിലാണ്.

ദിവസവും പ്രഭാത സവാരിയും വൈകീട്ടത്തെ കൂട്ടായ്മയും മുടങ്ങിയിട്ട് മാസം എട്ട് കഴിഞ്ഞു. ഇപ്പോൾ പുറത്തിറങ്ങാൻ തന്നെ ആരോഗ്യം വിസമ്മതിക്കുന്നതായി അദ്ദേഹം പറയുന്നു. വൃദ്ധരിൽ പലരും ഇത്തവണ വോട്ട് ചെയ്യാൻ തന്നെ താത്പര്യപ്പെടുന്നില്ല. കൊവിഡാണ് പ്രശ്നം. ആരോഗ്യ മാനസിക സമ്മർദ്ദം ഇവരെ സാരമായി ബാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകൾ പോലും അന്യമായ ഇവർക്ക് പുതുതലമുറയുടെ ലോകത്തെയും ഭയമാണ്. കിലോമീറ്ററുകൾ പ്രഭാത സവാരി നടത്തിയിരുന്ന പലരും വീട്ടിലൊതുങ്ങിയതോടെ കിടപ്പിലായി. പുറത്തേക്ക് പോലും ഇറങ്ങാതായി. വാർദ്ധക്യത്തെ ഉൾക്കൊള്ളാൻ കഴിയാത്ത പുതിയ തലമുറയ്ക്ക് ഇവരിൽ പലരും ഒഴിയാബാധയായി. പകൽ വിശ്രമ കേന്ദ്രങ്ങളും പൊടി പിടിക്കാൻ തുടങ്ങി. അജാനൂർ പഞ്ചായത്തിലെ പുതിയ പകൽ വിശ്രമ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ടും അടഞ്ഞ് തന്നെ കിടന്നു. വൃദ്ധർ ഈ വഴി വരാറേയില്ല.