
വെള്ളരിക്കുണ്ട്: ഞാൻ പാട്ടുംപാടി ജയിക്കും.. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ മിക്കവരും അണികളെ ആവേശഭരിതരാക്കാൻ ഈ ഡയലോഗ് പറയും. എന്നാൽ പാട്ടുപാടി മത്സര രംഗത്ത് ശ്രദ്ധേയമാകുന്ന ഒരു വനിതാ സ്ഥാനാർത്ഥിയുണ്ട് മലയോരത്ത്. വെസ്റ്റ് എളേരി പതിനാലാം വാർഡായ മണ്ഡപത്തെ സ്വതന്ത്ര സ്ഥാനാർത്ഥി ശാന്തചന്ദ്രൻ എന്ന 42 കാരി.
തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങൾ തയ്യാറാക്കാൻ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയം എഴുതിയും പാടിയും വ്യത്യസ്തയാവുകയാണ് ഈ സ്ഥാനാർത്ഥി. ശാന്ത ചന്ദ്രൻ സ്വന്തമായി ചിട്ടപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഗാനങ്ങളിൽ അർത്ഥവും കഥകളും നിറയുന്നു.
വെറും വോട്ട് അഭ്യർത്ഥന മാത്രമല്ല, ഇവർ പാട്ടിലൂടെ മറ്റുള്ളവരെ അറിയിക്കുന്നത്. തന്റെ ജീവിതം എന്താണെന്നും സ്വയം പരിചയപ്പെടുത്താനും പ്രവർത്തന മേഖലകളെക്കുറിച്ചും ജയിച്ചാൽ നാട്ടിൽ നടപ്പാക്കേണ്ട വികസന കാര്യങ്ങളെ കുറിച്ചുമുള്ള സമ്പൂർണ്ണ വിവരങ്ങളും അടങ്ങിയിട്ടുണ്ട്. ചെറുപ്പം മുതൽ നന്നായി പാടുമായിരുന്ന ശാന്തക്ക് സംഗീതം ശാസ്ത്രീയമായി പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ സാഹചര്യം കൊണ്ട് കഴിഞ്ഞിട്ടില്ല. സ്ഥാനാർത്ഥിയായപ്പോൾ തന്റെ പ്രചാരണത്തിന് വേണ്ടി തന്റെ പാടാനുള്ള കഴിവ് പുറത്തെടുക്കുകയാണ് ഇവർ. തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും ഇവർ പാട്ടുപാടി കയ്യടി നേടുകയാണ്.
ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഇവരുടെ തിരഞ്ഞെടുപ്പ് ഗാനങ്ങൾ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. ഇവരുടെ സഹോദര ഭാര്യ ഗിരിജ മോഹനും ഇതേ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നേർക്കുനേർ മത്സരിക്കുന്നു എന്നതും മണ്ഡപം വാർഡിനെ വ്യത്യസ്തമാക്കുന്നു.
പഞ്ചായത്തിലെ ഹരിത കർമ്മ സേനാ വോളണ്ടിയർ കൂടിയാണ് ശാന്ത ചന്ദ്രൻ. തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ഇവർ ആ ജോലിക്ക് മുടക്കം വരുത്തിയിട്ടില്ല. അങ്കൺവാടി ടീച്ചർ, തൊഴിലുറപ്പ് തൊഴിലാളി, കുടുംബശ്രീ പ്രവർത്തക എന്നീ നിലയിലും നാട്ടുകാർക്ക് പരിചിതയാണ് ഇവർ.
വെള്ളരിക്കുണ്ട് പുന്നകുന്നിലെ താഴത്തു വീട്ടിൽ ചന്തന്റെയും കുംഭയുടെയും മകളാണ് ശാന്ത ചന്ദ്രൻ. വിവാഹം കഴിച്ചു മണ്ഡപത്തേക്കു കൊണ്ടുപോയതാണ്. ഇവരുടെ മൂത്ത മകൻ ശരത് ചന്ദ്രനും നന്നായി പാടും. നേരത്തെ ഒടയംചാലിലെ തരംഗ് ഓർക്കസ്ട്രയിലെ പാട്ടുകാരിയായിരുന്നു ശാന്ത ചന്ദ്രൻ. നിരവധി സ്റ്റേജുകളിൽ പാടിയിട്ടുള്ള തന്റെ പാട്ടുകൾക്ക് നിറഞ്ഞ കൈയടിയും ലഭിച്ചിട്ടുണ്ട് എന്ന് ശാന്ത ചന്ദ്രൻ പറയുന്നു.