
മുംബയ് അധോലോകത്തിൽ ഉണ്ടാകുന്ന വെല്ലുവിളികൾ പരസ്പരം ഏറ്റുമുട്ടലുകളിലും കൊലപാതകത്തിലും അവസാനിക്കാറുണ്ട്. അത് അധോലോകത്തിന്റെ പൊതുസ്വഭാവമാണ്. എന്നാൽ അതിന് സമാനമായതും അന്താരാഷ്ട്ര തലത്തിൽ ഇടം നേടിയതുമായ രാജ്യാന്തര രാഷ്ട്രീയ കൊലപാതകപരമ്പരകളാണ് മദ്ധ്യേഷ്യയുടെ ഹൃദയഭാഗത്തുള്ള ഷിയ ഇസ്ലാമിക് രാജ്യമായ ഇറാനിൽ നിന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്..
നവംബർ 21-ാം തീയതി ഇറാന്റെ തലസ്ഥാനമായ ടെഹറാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത വാർത്ത ഞെട്ടിച്ചു. ഇറാന്റെ ജനറൽ റാങ്കിലുള്ള അണുവായുധ പിതാവെന്നു വിളിക്കുന്ന ശാസ്ത്രജ്ഞൻ മൊഹ്സീൻ ഫക്രിസെയ്ദ് കൊലചെയ്യപ്പെട്ടിരിക്കുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 65 കി. മീ. മാറിയുള്ള ചെറുപട്ടണത്തിൽ വെച്ചാണ് കൊല്ലപ്പെട്ടത്. യു.കെ. ഡെയിലി മെയിൽ പത്രം പറയുന്നത് അത്യാധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനമാണ് കൊലയാളികൾ ഈ ദൗത്യത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നതെന്നാണ്. ഇലക്‌ട്രോണിക് ചിപ്പുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സെൻസറുകളും, തെർമൽ ഇമേജ് ക്യാമറകളും, മെഷീൻ ഗണ്ണും വഴിയിൽ ഉപേക്ഷിച്ച നിസാൻ - പിക്അപ്പ് വാഹനത്തിൽ കൊലയാളികൾ അതിവിഗഗ്ദമായി ഘടിപ്പിച്ചു. സാറ്റലൈറ്റ് വഴിയോ, ഡ്രോണിന്റെ സഹായത്തോടെ നിയന്ത്രിക്കാവുന്ന റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഫക്രിസെയ്ദിന്റെ കാറിന്റെ പരിസരത്തേക്ക് ആദ്യം മെഷീൻ ഗണ്ണിൽ നിന്ന് വെടി ഉതിർത്തു. പിന്നെ ശാന്തമായ അന്തരീക്ഷത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെ ഇറാന്റെ ഈ ടോപ്പ് ലീഡർ ബുള്ളറ്റ് പ്രൂഫ് കാറിൽ നിന്ന് വെളിയിൽ ഇറങ്ങി നിമിഷങ്ങൾക്കകം വളരെ ദൂരെ അല്ലാതെ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് ടാർഗറ്റിനെ ലക്ഷ്യമാക്കി വെടിയുണ്ട ചീറിപ്പാഞ്ഞു. ഫക്രി സെയ്ദിന്റെ ബോഡിഗാർഡുൾപ്പെടെ വെടി കൊണ്ട് വീണ് മിനിറ്റുകൾക്കകം പിക്അപ്പ് വാൻ പൊട്ടിത്തെറിച്ച് ചാമ്പലായി. ഹോളിവുഡ് സിനിമകളിൽ കാണുന്ന സാങ്കല്പിക ആക്ഷൻ രംഗങ്ങൾക്ക് സമാനമായ നേർചിത്രങ്ങളാണ് ടെഹറാനിലെ ഈ ചെറു പട്ടണത്തിൽ സംഭവിച്ചത്. ഇതേ വർഷം തന്നെ ജനുവരി മാസത്തിൽ ഇറാൻ റെവല്യൂഷനറി ഗാർഡിലെ ജനറൽ ഖസം സൊലൈമാനിയെ ഇറാക്കിൽ വച്ച് അമേരിക്ക എയർ സ്‌ട്രൈക്കിൽ കൊലപ്പെടുത്തിയിരുന്നു.
ഇറാൻ - അറബ് പ്രോക്സി വാർ
പാരമ്പര്യ വൈരികളായ ഇറാനും സൗദിയും ഇസ്ലാമിക മതവിഭാഗിയത കൊണ്ടും ചിന്തകൊണ്ടും വ്യത്യസ്തമായി രാഷ്ട്രീയ അഭിപ്രായമുള്ളവരാണ്. സൗദി അടക്കമുള്ള അറബ് മേഖലയിൽ വരുന്ന സുന്നികളും, ഇറാൻ, ഇറാഖ് ,സിറിയ, മിഡിൽഈസ്റ്റ് എന്നിവിടങ്ങളായി കുറച്ചുള്ള ഷിയകളും തമ്മിൽ ചരിത്രപരമായ തന്നെ മതവിഭാഗീയതയുടെ പേരിൽ രാഷ്ട്രീയ പ്രശ്നങ്ങൾ ഉള്ളതാണ്.കാലക്രമേണ ആശയഅഭിപ്രായങ്ങളും വാക്‌പോരുകളും നയതന്ത്രതലത്തിലേക്ക് എത്തിയപ്പോൾ അതൊരു അന്താരാഷ്ട്രപ്രശ്നമായി മാറി.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും, യമനിലെ ഹൂതി വിമതരെകൊണ്ട് സൗദിക്കെതിരെ യുദ്ധം ചെയ്യിക്കുന്നതുമായുള്ള ഇറാന്റെ നിലപാടിനെതിരെ തിരിച്ചടിക്കാൻ അമേരിക്ക - അറബ് - ഇസ്രായേൽ സഖ്യം ഒരു വഴി തിരയുന്നതിൽ അത്ഭുതപ്പെടാനില്ല. അതിനോടൊപ്പം തീവ്ര ഇസ്ലാമിക് സ്വഭാവമുള്ള വിമത ഹിസ്ബുള്ള, ഇസ്ലാമിക് ജിഹാദ്, ഹമാസ് എന്നീ സംഘടനയുമായി ചേർന്നുകൊണ്ട് ഇസ്രായേൽ, പാലസ്തീൻ വിഷയത്തിൽ ഇടപെടുകയും അമേരിക്ക-അറബ്-യൂറോപ്പ് മേഖലയിൽ രഹസ്യമായുള്ള പ്രവർത്തനം നടപ്പാക്കുകയും ചെയ്യുന്നു. ഇതിനുദാഹരണമായി ഇസ്രായേൽ ചാരസംഘടനയായ മൊസാദ് പറയുന്നത് അർജന്റീനൻ തലസ്ഥാനത്ത് ഇസ്രായേൽ എംബസി ബോംബ് വെച്ച് തകർത്തതിൽ ഇറാന്റെ പങ്കിനെ കുറിച്ചാണ്. സൗദിയുടെ വടക്ക് പടിഞ്ഞാറ് പ്രവിശ്യയിൽ പുതുതായി ഉയരുന്ന മാജിക്കൽ സിറ്റി ആയ നിയോമിലിൽ ക്രൗൺ പ്രിൻസായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ, ഇസ്രേയേൽ പ്രധാനമന്ത്രി ബഞ്ചമനിൽ നെതന്യാഹു, യു. എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുമായി ചേർന്ന് രഹസ്യകൂടിക്കാഴ്ച നടത്തിയതായി പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനോടൊപ്പം അമേരിക്ക-യു.എ.ഇ.-ഇസ്രായേൽ സമാധാന സഖ്യകക്ഷി ബന്ധവും നിലവിൽ സംജാതമായി.
മദ്ധ്യേഷ്യയിൽ ഒരു യുദ്ധസമാന സ്ഥിതി വളരെ അകലെ അല്ല. അകത്ത് നിന്നും പുറത്ത് നിന്നുമുള്ള നയതന്ത്ര ചർച്ചകൾ അമേരിക്ക - അറബ് - ഇസ്രയേൽ രംഗത്ത് പുരോഗമിക്കുകയാണ്. അമേരിക്ക - അറബ് - ഇസ്രയേൽ സമ്മർദ്ദം നിലനിൽക്കെയാണ് ഇറാൻ യുറേനിയം സമ്പുഷ്ടീകരണ തോത് വലിയതോതിൽ ഉയർത്തിയത്. ഓയിൽ ഉൽപ്പാദനരംഗത്ത് മുൻപന്തിയിലുള്ള രാജ്യം ആണവോർജ്ജശേഖരണത്തിൽ കൂടി അംഗമായാൽ ഉണ്ടാകുന്ന രാജ്യാന്തര പ്രശ്നങ്ങൾ സൗദി അടക്കമുള്ള സുന്നി ഇസ്ലാമിക് രാജ്യങ്ങൾ വളരെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദും, അമേരിക്കയുടെ സി.ഐ.എ. യും ഫക്രിസെയ്ദിന്റെ കീഴിയുള്ള ന്യക്ലിയർ പരിവേഷണം സൂക്ഷ്മതയോടെ നിരീക്ഷിച്ചതിന്റെ ഫലമായി ആണ് ഈ കൊലപാതകം എന്നതിൽ സംശയമില്ല. എന്നാൽ രാഷ്ട്രീയവും സാമ്പത്തികവുമായി ഒറ്റപ്പെട്ട ഇറാൻ ഒരു നേരിട്ടുള്ള തിരിച്ചടിക്ക് മുതിർന്നാൽ അത് നിലവിലെ സാഹരച്യത്തിൽ ഇറാനെ കൂടുതൽ പ്രശ്നത്തിലേക്ക് എത്തിക്കും. അതിനോടൊപ്പം അമേരിക്കയിൽ ഡെമോക്രാറ്റിക് പ്രസിഡന്റായി തിരഞ്ഞെടുത്ത സ്ഥാനാർത്ഥി ജോയി ബൈഡൻ, ഒബാമയുടെ നയം സ്വീകരിച്ചാൽ ഇറാന്റെ നിലവിലെ ഉപരോധത്തിന് ഒരു പരിഹാരം ഉണ്ടാകുമെന്ന് കൂടി വിചാരിക്കേണ്ടതുണ്ട്.
(ലേഖകൻ കണ്ണൂർ യൂണിവേഴ്സിറ്റി ജേർണലിസം വിഭാഗത്തിൽ റിസർച്ച് സ്‌കോളറാണ്)