
ടി.കെ. ദിവാകരൻ 56 വർഷത്തെ ജീവിതത്തിൽ കേരള രാഷ്ട്രീയത്തിൽ സ്വപ്രയത്നം കാരണം മുന്നിലെത്തിയ രാഷ്ട്രീയ നേതാവാണ്. പാവപ്പെട്ടൊരു കുടുംബത്തിൽ ജനിച്ച് തൊഴിലാളി പ്രസ്ഥാനത്തിലൂടെ വളർന്ന് ബ്രിട്ടീഷ് ഭരണത്തിനും രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനും എതിരായി പോരാടി രാഷ്ട്രീയത്തിലും ട്രേഡ് യൂണിയൻ രംഗത്തും മുൻനിരയിലെത്തിയ പ്രതിഭാശാലിയായിരുന്നു. സാമാന്യ വിദ്യാഭ്യാസം മാത്രമേ ലഭിച്ചുവെങ്കിലും ഉന്നത ബ്യൂറോക്രാറ്റുകളെ പോലും ഭരണരംഗത്ത് അടക്കിനിറുത്താനായി. കൊല്ലം ലേബർ യൂണിയൻ ഓഫീസിൽ പതിനേഴാം വയസിൽ ക്ളാർക്കായി ആരംഭിച്ച പൊതുജീവിതത്തിൽ പലതവണ എം.എൽ.എ ആയും രണ്ടുതവണ മന്ത്രിയായും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. വിപ്ളവ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ ത്രിമൂർത്തികളിൽ ഒരാളായി - ശ്രീകണ്ഠൻനായർ, ബേബിജോൺ, ടി.കെ. ദിവാകരൻ - കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. 1920ൽ ജനിച്ച് 1976ൽ അന്തരിച്ച ടി.കെ. അതിദീർഘമല്ലാത്ത ജീവിതത്തിൽ വെന്നിക്കൊടി നാട്ടിയാണ് മൺമറഞ്ഞത്. ഒരു മേഘജ്യോതിസ് പോലെ ടി.കെ. ഇന്നും കേരള രാഷ്ട്രീയത്തിൽ മിന്നിത്തിളങ്ങുന്നു. അഗ്നിപരീക്ഷണങ്ങളിലൂടെ രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയ കഠിനാദ്ധ്വാനിയായ പ്രവർത്തകനായിരുന്നു അദ്ദേഹം. കൊല്ലം പട്ടണത്തിന്റെ വികസനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രത്തിൽ ഇന്നും മിന്നിനിൽക്കുന്നു. കൊല്ലം ലാൽബഹദൂർ സ്റ്റേഡിയം, ഗാന്ധിപാർക്ക്, പ്രശസ്തമായ കൊല്ലം പബ്ളിക് ലൈബ്രറി, പാവപ്പെട്ടവർക്ക് വേണ്ടിയുള്ള 9 കോളനികൾ, കുട്ടികളുടെ നെഹ്‌റു പാർക്ക് തുടങ്ങിയവ ജ്വലിക്കുന്ന ഉദാഹരണങ്ങളാണ്.
അദ്ദേഹം പൊതുമരാമത്ത് മന്ത്രിയായും മുനിസിപ്പൽ മന്ത്രിയായും പേരെടുത്തിരുന്നു. കേന്ദ്ര ഗവൺമെന്റുമായി ബന്ധപ്പെട്ട് നിർമ്മിച്ച നീണ്ടകര പാലം നീളത്തിൽ കേരളത്തിലെ രണ്ടാമത്തെ പാലമായി നിലകൊള്ളുന്നു. പിണറായി സർക്കാർ വന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപാസ് അദ്ദേഹം ആശയപരമായ രൂപം നൽകിയതായിരുന്നു. 50 വർഷത്തിനുശേഷം അത് സാക്ഷാത്കരിക്കാൻ പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ എനിക്ക് ഭാഗ്യമുണ്ടായി എന്നത് സന്തോഷപൂർവം രേഖപ്പെടുത്തട്ടെ.
വന ടൂറിസം പദ്ധതി നടപ്പിലാക്കാൻ ആനകൾ സഞ്ചരിക്കുന്ന വനത്തിലൂടെ അദ്ദേഹം ഉദ്യോഗസ്ഥരേയും കൂട്ടി 16 കിലോമീറ്റർ നടന്ന് ചരിത്രം സൃഷ്ടിച്ചു. പല്ലന കുമാരനാശാൻ സ്മാരകം പണികഴിപ്പിച്ചതും സി. അച്യുതമേനോൻ സർക്കാരിന്റെ കാലത്ത് അദ്ദേഹമാണ്. ശ്രീനാരായണഗുരു ചരിത്രപ്രസിദ്ധമായ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിലേക്ക് പോകാൻ അദ്ദേഹം അരുവിപ്പുറം പാലം നിർമ്മിച്ചു നൽകി. അവിടെ ടി.കെയുടെ പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് ഒരു സുപ്രധാന വകുപ്പായത് അദ്ദേഹത്തിന്റെ കാലത്താണ്. മരാമത്ത് പണികളിൽ അമിത ലാഭക്കാരായ കുറേ കോൺട്രാക്ടർമാരെ ഒഴിവാക്കാൻ ടി.കെ ആണ് പൊതുമേഖലയിൽ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ആരംഭിച്ചത്. പതിറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ അത് ദുർബലമായി. ഇപ്പോൾ ഈ സർക്കാരിന്റെ കാലത്ത് അതിനെ പുനരുദ്ധരിച്ചു. മന്ത്രിയെന്ന നിലയിൽ ഈ ലേഖകനാണ് ഇപ്പോൾ അതിന്റെ ചെയർമാൻ. നൂറിലേറെ വൻകിട നിർമ്മാണ പദ്ധതികളും, 16 കോടി രൂപ മിച്ചവുമായി ടി.കെ. സ്ഥാപിച്ച ഈ കോർപ്പറേഷൻ തലയുയർത്തി നിൽക്കുന്നു.
അരൂരിൽ നിന്നും കളിയിക്കാവിള വരെ ദേശീയപാത 47ന്റെ നിർമ്മാണം 100 അടി വീതിയിൽ എടുത്ത് വികസിപ്പിക്കുന്നതിനായി അദ്ദേഹം നേതൃത്വം നൽകി. അതിനുവേണ്ടി കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ ഈ ലേഖകനും കഴിഞ്ഞ നാലര വർഷമായി നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലമായി കേന്ദ്രമന്ത്രി നിധിൻ ഗഡ്‌കരി 25 ശതമാനം സംസ്ഥാന വിഹിതത്തോടെ ദേശീയപാത വികസനത്തിന് അമ്പതിനായിരം കോടി രൂപ അടങ്കലിൽ ഉത്തര മലബാറിൽ ആരംഭം കുറിച്ചുകഴിഞ്ഞു. ടി.കെയുടെ ദേശീയ പാത സ്വപ്നത്തിന്റെ ക്യാൻവാസ് വിപുലമാക്കി സാക്ഷാത്കാരത്തിലേക്ക് ഞങ്ങൾ നീങ്ങിയിരിക്കുകയാണ്.
ജയിൽവാസവും മർദ്ദനവും അദ്ദേഹത്തിന് പുത്തരിയായിരുന്നില്ല. പ്രഗത്ഭനായ പാർലമെന്റേറിയൻ, കേരളം ഓർക്കുന്ന മന്ത്രി, പ്രതിഭാശാലിയായ ഭരണകർത്താവ്, വികസന നായകൻ, ഉന്നതനായ തൊഴിലാളി നേതാവ്, സാമൂഹ്യനീതിയുടെ വക്താവ്, സ്നേഹസമ്പന്നനായ പൊതുപ്രവർത്തകൻ എന്നീ നിലകളിലൊക്കെ അദ്ദേഹം കേരള ചരിത്രത്തിൽ ജീവിക്കുന്നു.
.ടി.കെ.യെപ്പറ്റി മഹാകവി എം.പി അപ്പൻ എഴുതിയ കവിതയിലെ നാലുവരികൾ ഉദ്ധരിച്ചുകൊണ്ട് ഈ സ്മരണാഞ്ജലി അവസാനിപ്പിക്കുന്നു.
''പുല്ലുമാടത്തിൽപ്പിറന്നു നീയെങ്കിലും
ഉള്ളിൽക്കിടന്നൊരന്യാദൃശ ശക്തിയാൽ
മാളിക തന്നിൽ പ്രശോഭിച്ചു മന്ത്രിയായ്
മാനുഷരൊക്കെയുമാദരിക്കും വിധം""