
പൂവാർ: അടിമലത്തുറ മുതൽ പൂവാർ വരെയുള്ള തീരപ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന കരിച്ചൽ പമ്പ് ഹൗസിന്റെ പ്രവർത്തനം അവതാളത്തിലായെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കോട്ടുകാൽ, കരുംകുളം പൂവാർ ഗ്രാമ പഞ്ചായത്തുകളുടെ തീരദേശവാസികൾക്കാണ് ഇതിലൂടെ ശുദ്ധജലം കിട്ടാക്കനിയായി മാറിയിരിക്കുന്നത്. എല്ലാ ദിവസവും പമ്പിംഗ് നടക്കുന്നുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമെ പബ്ളിക്ക് ടാപ്പിൽ വെള്ളമെത്തൂ എന്നാണ് പ്രദേശവാസികൾ പറയുന്നത്. അതുതന്നെ പലപ്പോഴും കലങ്ങിയതും കുടിക്കാൻ പോലും കൊള്ളാത്തതാണെന്നും ആക്ഷേപമുണ്ട്.
1971ലാണ് കരിച്ചൽ കായലിന്റെ നീരുറവകളെ പ്രയോജനപ്പെടുത്തി പമ്പ് ഹൗസ് പ്രവർത്തനം ആരംഭിച്ചത്. നാച്ചുറൽ ഫിൽട്ടറൈസേഷനാണ് ജല ശുദ്ധീകരണത്തിന് അന്നു മുതൽ ഉപയോഗിച്ചു വന്നിരുന്ന മാർഗം. കൂടുതൽ ആൾക്കാർ ശുദ്ധജലത്തിനായി പൈപ്പുവെള്ളത്തെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഇത് പര്യാപ്തമല്ലാതായി. മഴക്കാലത്ത് കരിച്ചൽ കായലിൽ വെള്ളം കയറുമ്പോഴോ, പൊഴിമുറിയാൻ വൈകുമ്പോഴോ ചെളി കലർന്ന വെള്ളം വരാൻ സാദ്ധ്യതയുണ്ടെന്ന് ജീവനക്കാർ സമ്മതിക്കുന്നു.
എന്നാൽ കാലം മാറിയതോടെ 2013ൽ വിദേശ സാങ്കേതിക വിദ്യയുടെ സഹായത്താൽ മൈക്രോ ഫിൽട്ടർ സംവിധാനം ഉപയോഗപ്പെടുത്താൻ തുടങ്ങി. ഇതാണ് അക്കാലത്ത് ജലശുദ്ധീകരണത്തിന് മെച്ചപ്പെട്ട രീതിയായി ഉപയോഗിച്ചിരുന്നത്. ഇതിലൂടെ വെള്ളം പ്യൂരിഫിക്കേഷൻ നടത്തിയതിന് ശേഷം ക്ലോറിനേഷൻ നടത്തിയാണ് പുറത്തേക്ക് വരുന്നത്. ഇതിൽ നിന്നുള്ള വെള്ളം കരിച്ചൽ മേഖലയിലെ കൂനംവിള ലൈനിൽ മാത്രമെ വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു എന്നാണ് ജീവനക്കാർ പറയുന്നത്. ഇതിന്റെ മോട്ടോറും തകരാറിലായി. മോട്ടോറുകളോ മറ്റ് ഉപകരണങ്ങളോ തകരാറിലായാൽ അവ സമയബന്ധിതമായി മെയിന്റനൻസ് നടത്തി തിരിച്ചു കിട്ടാൻ വൈകുന്നത് പ്രതിസന്ധിക്ക് പ്രധാന കാരണമാണെന്ന് ജീവനക്കാർ പറയുന്നത്.
കൂടാതെ 3 ഷിഫ്റ്റ് പ്രവർത്തിച്ചിരുന്ന പമ്പ് ഹൗസ് ഇപ്പോൾ 2 ഷിഫ്റ്റായി ചുരുങ്ങിയെന്നും അവർ പറയുന്നു.
തീരപ്രദേശത്തിന്റെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് തുടക്കം കുറിച്ച കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ വെള്ളം ഇതുവരെയും തീരത്ത് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ജലസമൃദ്ധമായ കരിച്ചൽ കായലിനെ ഉപയോഗപ്പെടുത്തി, തീർദേശവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുമിളി മോഡൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പമ്പ് ഹൗസ് പ്രവർത്തനം ആരംഭിച്ചത് - 1971ൽ
പമ്പിംഗിനായി - 14 മോട്ടോറുകളാണ്
7 എണ്ണം പ്രവർത്തനരഹിതം
കുടിവെള്ളം കിട്ടാതായിരിക്കുന്നത്
കോട്ടുകാൽ, കരുംകുളം പൂവാർ ഗ്രാമ പഞ്ചായത്തുകളുടെ തീരദേശവാസികൾക്ക്
പൈപ്പ് പൊട്ടൽ തുടർക്കഥ
അടിക്കടിയുള്ള പൈപ്പ് പൊട്ടൽ വെള്ളം മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്. വ്യാസം കുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ പൈപ്പുകളാണ് മണ്ണിനടിയിൽ കുഴിച്ചിട്ടിരിക്കുന്നത്. ഇത് പൊട്ടുന്നതിലൂടെ വ്യാപകമായി ജലനഷ്ടം സംഭവിക്കുന്നു. ഇവ മാറ്റി സ്ഥാപിക്കുന്നതോടൊപ്പം നിലവിലെ ടാങ്കുകളുടെ കപ്പാസിറ്റി വർദ്ധിപ്പിക്കേണ്ടതും, കൂടുതൽ ടാങ്കുകൾ ആവശ്യമായ ഇടങ്ങളിൽ സ്ഥാപിക്കേണ്ടതുമാണ്.
പാവപ്പെട്ട തീരദേശവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. അധികാരികൾ കണ്ണ് തുറക്കണം.
ജയരാജ് ജയഗിരി, കവി, നാടകകൃത്ത്, സാംസ്കാരിക പ്രവർത്തകൻ