voting

നെയ്യാറ്റിൻകര: തിരഞ്ഞെടുപ്പിന്റെ അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കി വിവിധ മുന്നണികളുടയും സ്വതന്ത്രന്മാരുടെയും ബൂത്ത് ഓഫീസുകൾ തയ്യാർ. ഇന്ന് പോളിംഗ് ബൂത്തിലെത്തുന്ന വോട്ടർമാരെ സ്വീകരിക്കുന്നതിനായി പരമാവധി ആകർഷകമായാണ് എല്ലാവരും ബൂത്ത് ഓഫീസ് തയ്യാറാക്കിയത്. പോളിംഗ് സ്റ്റേഷനു സമീപത്തു നിന്ന് വോട്ട് പിടിക്കുന്നത് സംഘർഷത്തിനു കാരണമാകുന്നതിനാൽ ഇക്കുറി ബൂത്തുകൾ കെട്ടുന്നതിന് സ്ഥലം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തിലാണ് വിവിധ കക്ഷികൾക്ക് സ്ഥലം മാർക്ക് ചെയ്ത് നൽകിയത്. നിശ്ചിത പരിധി കഴിഞ്ഞ് കെട്ടിയിരുന്ന പോസ്റ്റുകളും ബോർഡുകളും ഇന്നലെ പൊലീസും പോളിംഗ് ഉദ്യോഗസ്ഥരും ചേർന്ന് നീക്കി. പ്രവർത്തകർ ബൂത്ത് അലങ്കരിക്കുന്ന തിരക്കിലേർപ്പെട്ടപ്പോൾ സ്ഥാനാർത്ഥികൾ അവസാന ഘട്ട ഓട്ടപ്രദക്ഷിണത്തിലായിരുന്നു. നേരിൽ കാണാവുന്നവരെ കണ്ട് വോട്ട് ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു ഇവർ ഇന്നലെ വൈകിയും. സ്ഥാനാർത്ഥികളുടെ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ ഒട്ടിച്ച് തോരണമാക്കി കെട്ടിയിരിക്കുന്നത് പലസ്ഥലങ്ങളിലും ഉത്സവ പ്രതീതി ജനിപ്പിച്ചു. പോളിംഗ് സ്റ്റേഷനു സമീപത്തെ കച്ചവടക്കാരും ആവേശത്തിലാണ്. ശീതള പാനീയങ്ങളും ലഘുഭക്ഷണവുമൊക്കെ ഇവർ തയ്യാറാക്കിക്കഴിഞ്ഞു. പതിവിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ റിബൽ സ്ഥാനാർത്ഥികൾക്കും ബുത്തലങ്കാരത്തിന് ധാരാളം പ്രവർത്തകർ ഉണ്ടായിരുന്നു.