കിളിമാനൂർ: കൊവിഡ് കാലത്ത് വോട്ട് അഭ്യർത്ഥനയും കൂടിക്കാഴ്ച നടത്തി വോട്ടുറപ്പിക്കലുമൊക്കെ സ്ഥാനാർത്ഥികൾക്ക് മാത്രമല്ല, പ്രവർത്തകർക്കും ബാലികേറാമല പോലെയാണ്. പല വീടുകളിലും സ്‌ക്വാഡ് വർക്കിനെത്തുന്നവർക്ക് മുന്നിൽ കൊവിഡ് എന്ന മഹാമാരിയുടെ പേരുപറഞ്ഞ് വീട്ടുകാർ കതകുകൾ കൊട്ടിയടയ്ക്കുന്നതും ഇല്ലാത്ത കൊവിഡിന്റെ പേര് പറഞ്ഞ് സ്ഥാനാർത്ഥികളെയും പ്രവർത്തകരെയും മടക്കി അയയ്ക്കുന്നതും നാട്ടിലിപ്പോൾ ചർച്ചാവിഷയം. പണ്ടേ കമ്മ്യൂണിസ്റ്റ് കുടുംബം. പക്ഷേ, പക്കാ രാഷ്ട്രീയമൊന്നും കുടുംബനാഥനില്ല. നാട്ടിൽ രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഇഷ്ടപ്പെടുന്ന കുടുംബനാഥന് രാഷ്ട്രീയം പറയാനിപ്പോൾ കഴിയുന്നില്ല. എതിർ സ്ഥാനാർത്ഥി സ്വന്തക്കാരനായതാണ് ഗൃഹനാഥന് പ്രശ്നമായത്.പാർട്ടിക്ക് വോട്ട് കൊടുത്തില്ലെങ്കിൽ അവർ പിണങ്ങും. സ്വന്തക്കാരന് കൊടുത്തില്ലെങ്കിൽ അതിനെക്കാൾ പ്രശ്നമാകും. ചെകുത്താനും കടലിനുമിടയിൽപ്പെട്ട ഗൃഹനാഥന് പിന്നെ രക്ഷപ്പെടാനാനുള്ള ഏക മാർഗം കൊവിഡ് തന്നെ. ഇങ്ങനെ കൊവിഡിന്റെ പേര് പറഞ്ഞ് രക്ഷപ്പെടുന്നവരെ ആർക്കും കുറ്റം പറയാനാവില്ലല്ലോ? കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡിൽ ഒരു അദ്ധ്യാപക കുടുംബം ഉദാഹരണം. ഭാര്യയ്ക്കും ഭർത്താവിനും അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഉൾപ്പെടെ നാല് വോട്ടുണ്ട്. വോട്ട് ചോദിച്ച് എല്ലാ സ്ഥാനാർത്ഥികളും പലവട്ടം വീട്ടിലെത്തി. കതക് തുറന്ന് ഇറങ്ങിയ അദ്ധ്യാപകൻ വോട്ടുതേടി എത്തിയവരോടൊക്കെ ഒറ്റവാക്കിൽ മറുപടി പറഞ്ഞു, ഞാനും കുടുംബവും ക്വാറന്റൈനിലാണ്. വോട്ട് പോസ്റ്റലിലെത്തിക്കാം. കൊവിഡ് ഭയപ്പാടിലായ സ്ഥാനാർത്ഥികൾ തൊഴുത് വണങ്ങി മടങ്ങിയപ്പോൾ ഉള്ളുകൊണ്ട് ചിരിച്ച് ഹാപ്പി മൂഡിലായി അദ്ധ്യാപക കുടുംബം. ഒരിടത്ത് മാത്രമല്ല പല വാർഡുകളിലും ഇത്തരത്തിലുള്ള ഒറ്റമൂലികൾ പ്രയോഗിച്ച് രക്ഷപ്പെടുന്നവർ ഏറെയാണ്.