വെഞ്ഞാറമൂട് : ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിറുത്താനെ ഓടിച്ചു പോയി. റോഡിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. പേരൂർക്കട ഐശ്വര്യ ഗാർഡൻ എൻ.സി.സി റോഡ് പ്രഭാനിലയത്തിൽ മനോജിനാണ് (45) പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബൈപാസ് റോഡിൽ കോലിയക്കോട് മിൽക്ക് സൊസൈറ്റിക്ക് സമീപത്തായിരുന്നു അപകടം. ബൈക്ക് റോഡരികിൽ നിറുത്തിയശേഷം സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ പോത്തൻകോടുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന മനോജ് ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നട്ടെല്ലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.