election

സംസ്ഥാനത്തെ പഞ്ചായത്തുകളും നഗരസഭകളും അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്നു നിർണയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം അഞ്ചുജില്ലകളിൽ ഇന്ന് നടക്കുകയാണ്. കൊവിഡ് മഹാമാരി കൂടെത്തന്നെ ഉള്ളപ്പോഴും ആവേശവും വീറും ഒട്ടും ചോരാത്ത തിരഞ്ഞെടുപ്പ് ചൂടാണ് സംസ്ഥാനത്തുടനീളം കാണുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ അഞ്ചുജില്ലകളാണ് ഒന്നാംഘട്ട വോട്ടെടുപ്പിൽ ഉൾപ്പെടുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ 10-നും അവസാന ഘട്ടം 14-നും നടക്കും. ഡിസംബർ 16-നാണ് വോട്ടെണ്ണൽ.

ശക്തമായ പോരാട്ടം കാഴ്ചവച്ച തെക്കൻ ജില്ലകളിലെ പ്രചാരണം ഞായറാഴ്ച വൈകിട്ട് അവസാനിച്ചപ്പോൾ വിധി ആർക്ക് അനുകൂലമാകുമെന്ന നിശ്ശബ്ദ കണക്കുകൂട്ടലിലാണ് മുഖ്യകക്ഷികളെല്ലാം. ജനമനസ് കൃത്യമായി അറിയാൻ ഇനിയും എട്ടു ദിവസം കൂടി കാത്തിരിക്കേണ്ടിവരും. അവകാശവാദങ്ങളുന്നയിക്കുന്നതിൽ ആരും പിന്നിലല്ലെങ്കിലും യഥാർത്ഥ ചിത്രം വോട്ടെണ്ണൽ അവസാനിക്കും വരെ കാത്തിരുന്നാലേ തെളിയൂ. കാൽലക്ഷത്തോളം സ്ഥാനാർത്ഥികളാണ് ഇന്നുനടക്കുന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത്. മത്സരം കടുക്കുന്തോറും വളരെ ചുരുങ്ങിയ വോട്ട് വ്യത്യാസത്തിലായിരിക്കും പലരുടെയും വിജയം. ഒന്നും രണ്ടും വോട്ടിനു കടന്നുകൂടുന്നവർ തദ്ദേശ വാർഡുകളിൽ അത്ര അസാധാരണമല്ല. എതിരാളികളുടെ കൂട്ടത്തിൽ ഇക്കുറി എല്ലാ കക്ഷികൾക്കും കൊവിഡ് എന്ന ഭയങ്കരനെയും നേരിടേണ്ടിവരുന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സവിശേഷത. പ്രചാരണതലം മുതൽ പോളിംഗ് ബൂത്ത് വരെ കർക്കശമായ കൊവിഡ് പ്രോട്ടോക്കോളിനു കീഴിലാണ് തദ്ദേശ വോട്ടെടുപ്പ്. പ്രാദേശിക വിഷയങ്ങൾക്കൊപ്പം സംസ്ഥാന - ദേശീയ പ്രശ്നങ്ങളും മുന്നണികളുടെ പ്രചാരണത്തിൽ മുഖ്യസ്ഥാനം പിടിച്ചിരുന്നു. രാഷ്ട്രീയ വിഷയങ്ങൾ ജീവിതത്തിന്റെ ഭാഗമായതിനാൽ അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയമില്ലാത്തവരെയും ആകർഷിക്കുന്നതായി തിരഞ്ഞെടുപ്പ് ചർച്ചകളും സംവാദങ്ങളും. തദ്ദേശസ്ഥാപനങ്ങളിൽ നേർപകുതി കസേരകൾ സ്ത്രീകൾക്കു സംവരണം ചെയ്തിട്ടുള്ളതിനാൽ അവരുടെ സജീവ സാന്നിദ്ധ്യവും പങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട് തദ്ദേശ തിരഞ്ഞെടുപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പിന് അധിക ദിവസങ്ങളില്ലാത്തതിനാൽ തദ്ദേശതിരഞ്ഞെടുപ്പ് രണ്ട് പ്രധാന മുന്നണികൾക്കൊപ്പം ബി.ജെ.പിക്കും ഏറെ നിർണായകമായി മാറിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ വൻ വിജയം നിലനിറുത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി. അതേസമയം നഷ്ടപ്പെട്ട സ്വാധീനം ഇക്കുറി വീണ്ടെടുക്കാൻ അനുകൂലമായ ഒട്ടേറെ ഘടകങ്ങൾ വീണുകിട്ടിയതിന്റെ ആത്മവിശ്വാസം യു.ഡി.എഫ് ക്യാമ്പിലുമുണ്ട്. ഇവരോടൊപ്പം സ്വാധീന മേഖലകൾ വിപുലമാക്കാനുള്ള കഠിന ശ്രമത്തിലേർപ്പെട്ടിരിക്കുന്ന ബി.ജെ.പിക്കുമുണ്ട് വാനം മുട്ടെയുള്ള പ്രതീക്ഷകൾ. ഇടതു - വലത് മുന്നണികൾക്ക് ഏതാണ്ട് തുല്യശക്തിയുള്ള സംസ്ഥാനത്ത് വോട്ടിംഗിലെ നേരിയ വ്യത്യാസത്തിലാണ് ഓരോ അഞ്ചു കൊല്ലവും ഭരണം മാറിമാറി വരുന്നതതെന്ന് എല്ലാവർക്കുമറിയാം. തദ്ദേശ തിരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അളവുകോലായി പൂർണമായി കരുതാനും വയ്യ. കാരണം പ്രാദേശിക പരിഗണനകളും താത്‌പര്യങ്ങളും സ്ഥാനാർത്ഥികളുടെ വ്യക്തിഗത സ്വീകാര്യതയും മറ്റും കവിഞ്ഞ അളവിൽ സ്വാധീനം ചെലുത്തുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പുകൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചിത്രത്തിൽ കാര്യമായ ചില മാറ്റങ്ങൾ വന്നിട്ടുള്ളത് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാനിടയുണ്ട്. കേരള കോൺഗ്രസ് മാണിവിഭാഗം എൽ.ഡി.എഫിലേക്കു വന്നതുൾപ്പെടെയുള്ള മാറ്റങ്ങളുടെ ആദ്യ ഉരകല്ലാകാൻ പോവുകയാണ് ഈ തിരഞ്ഞെടുപ്പ്.

അഞ്ചുവർഷത്തിലൊരിക്കൽ ജനങ്ങൾക്ക് തങ്ങളുടെ മനസ് തുറക്കാൻ ലഭിക്കുന്ന അപൂർവ അവസരമെന്ന നിലയിലാണ് വോട്ടെടുപ്പിനെ കാണേണ്ടത്. വോട്ടവകാശം പൂർണ സ്വാതന്ത്ര്യത്തോടെ വിവേചനപൂർവം വിനിയോഗിക്കാനാകണം ഓരോ വോട്ടറും ശ്രമിക്കേണ്ടത്. ജനാധിപത്യ സംവിധാനത്തിൽ പൗരന്റെ പ്രഥമ കടമ കൂടിയാണത്. വികേന്ദ്രീകരണ ഭരണ സംവിധാനത്തിന്റെ ആണിക്കല്ലാണ് ത്രിതല പഞ്ചായത്തുകൾ. പ്രാദേശികമായ സകല ആവശ്യങ്ങൾക്കും ജനങ്ങൾ സമീപിക്കേണ്ട സ്ഥാപനങ്ങളാണവ. എല്ലാ രംഗത്തുമെന്നപോലെ നല്ല നിലയിൽ പ്രവർത്തിക്കുന്നവയും മോശം നിലയിൽ പ്രവർത്തിക്കുന്നവയും ഉണ്ടാകും. തങ്ങൾ തിരഞ്ഞെടുത്തയയ്ക്കുന്നവരെ ആശ്രയിച്ചാകും ഓരോ സ്ഥാപനത്തിന്റെയും ഭരണ മികവ് എന്നു പ്രത്യേകം പറയേണ്ടതില്ല. രാഷ്ട്രീയമില്ലാത്ത പഞ്ചായത്ത്, ഭരണ സംവിധാനമാണ് അതിന്റെ ആദ്യ ശില്പികൾ ഉദ്ദേശിച്ചിരുന്നതെങ്കിലും ഇന്നത്തെ കാലത്ത് അതൊക്കെ നടപ്പില്ലാത്ത കാര്യമാണ്. ആരാധനാലയ സമിതികൾ പോലും രാഷ്ട്രീയമായി വിഭജിക്കപ്പെട്ടുകഴിഞ്ഞ ഇക്കാലത്ത് പഞ്ചായത്തിൽ രാഷ്ട്രീയം വേണ്ടെന്ന് ആർക്കു പറയാനാകും. ഭരണം ആർക്ക് ലഭിച്ചാലും നാട്ടുകാരുടെ നന്മയ്ക്ക് ഉപകരിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞാൽ നാട് അഭിവൃദ്ധിപ്പെടും. ചെയ്താൽ തീരാത്തത്രയും ആവശ്യങ്ങളുമായാണ് ഓരോ നാടും കാത്തിരിക്കുന്നത്. അധികാരത്തിലേറാൻ കാത്തിരിക്കുന്നവർ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ മറക്കരുത്. അവയിൽ കുറച്ചെങ്കിലും നിറവേറ്റാനായാൽ വോട്ടർമാർ സന്തുഷ്ടരാകും.

ഡിസംബർ എട്ട് ലോക അഴിമതി വിരുദ്ധ ദിനം കൂടിയാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഈ ദിനത്തിൽ തുടങ്ങുന്നത് യാദൃച്ഛികമാകാം. എന്നാലും തദ്ദേശ സ്ഥാപനങ്ങൾ അഴിമതി രഹിതമായി നിന്ന് ജനങ്ങളെ സേവിക്കാൻ തയ്യാറാകണമെന്ന സന്ദേശം നൽകാൻ ഈ ദിനം ഉപകരിക്കട്ടെ എന്നു പ്രാർത്ഥിക്കാം. അടുത്തകാലത്തായി ഉയർന്നുകേൾക്കുന്ന അഴിമതി അപവാദ കഥകളിൽ നിന്ന് തദ്ദേശസ്ഥാപനങ്ങളും മോചിതമല്ല എന്നത് വേദനാജനകം തന്നെയാണ്. അതുപോലെ സേവനം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ കടുംകൈയ്ക്ക് മുതിരുന്നവരുടെ ദുഃഖകഥകളും ഇടയ്ക്കിടെ കേൾക്കേണ്ടിവരാറുണ്ട്. സേവന നിഷേധത്തിനു പിന്നിൽ അഴിമതിയും കൈക്കൂലിയുമാണുള്ളതെന്ന സത്യവും വെളിപ്പെടുമ്പോൾ പകച്ചുനിൽക്കാനേ സാധാരണക്കാർക്ക് കഴിയൂ.

വോട്ടിടാനായി എത്തുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ വ്യാപകമായ നിലയിൽ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് ഒപ്പം തന്നെയുള്ളതിനാൽ ഓരോ അടിവയ്പും ജാഗ്രതയോടും ശ്രദ്ധയോടും തന്നെ വേണം. പ്രചാരണരംഗത്ത് കൊവിഡ് പ്രതിരോധം ഒലിച്ച് പോയെങ്കിലും പോളിംഗ് ബൂത്തുകളിലെങ്കിലും നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കാൻ ഏവരും തയ്യാറാകണം.