കിളിമാനൂർ: കൊവിഡ് പശ്ചാത്തലത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തുമ്പോൾ പോളിംഗ് ബൂത്തിനു പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ചു വേണം വോട്ടർമാർ നിൽക്കാൻ. വോട്ട് രേഖപ്പെടുത്താൻ ബൂത്തിൽ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി ബൂത്തിൽ നിന്നിറങ്ങുമ്പോഴും പോളിംഗ് അസിസ്റ്റന്റ് സാനിറ്റൈസർ നൽകും. വോട്ട് രേഖപ്പെടുത്താനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകൻ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് ആദ്യം എത്തണം. മൂന്നു വോട്ടർ മാർക്ക്‌ മാത്രമാണ് ഒരു സമയം ബൂത്തിൽ പ്രവേശിക്കാൻ അവസരമുള്ളു. സമ്മതിദായകൻ തിരിച്ചറിയൽ രേഖ പോളിംഗ് ഓഫീസർക്ക് നൽകണം. പോളിംഗ് ഓഫീസർ ആവശ്യപ്പെടുകയാണെങ്കിൽ വോട്ടർ മാസ്ക് നീക്കി മുഖം കാണിക്കണം.

രേഖകളിലെ വിവരങ്ങൾ നോക്കിയശേഷം സമ്മതിദായകന്റെ ക്രമ നമ്പരും മറ്റു വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസർ ഉറക്കെ വിളിച്ചു പറയും. രേഖ സംബന്ധിച്ച തർക്കം ഇല്ലെങ്കിൽ വോട്ടർപട്ടികയിൽ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസർ അടയാളമിടും. ഇതിനുശേഷം സമ്മതിദായകൻ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. വോട്ട് രജിസ്റ്ററിൽ ക്രമനമ്പർ രേഖപ്പെടുത്തിപോളിംഗ് ഓഫീസർ സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങും. തുടർന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ടുവിരൽ പരിശോധിച്ചു അതിൽ നഖം മുതൽ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കവരെ മായ്ക്കാനാകാത്ത മഷി കൊണ്ട് അടയാളപ്പെടുത്തും.

തുടർന്ന് സമ്മതിദായകന് പോളിങ് ഓഫീസർ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ് നൽകും. മൂന്നാം പോളിംഗ് ഓഫീസർ വോട്ടിംഗ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ചു വോട്ടു ചെയ്യാനായി സമ്മതിദായകനെ അനുവദിക്കും. ത്രിതല പഞ്ചായത്തുകളിൽ ഗ്രാമ,ബ്ലോക്ക്‌, ജില്ലാ പഞ്ചായത്ത്‌ എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാകും. വെള്ള, പിങ്ക്, ആകാശനീല എന്നിങ്ങനെയാകും നിറങ്ങൾ. ഇടത്തുനിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിന് നേരെയുള്ള ബട്ടണിൽ വിരലമർത്തി വോട്ട് രേഖപ്പെടുത്താം.

ഒരു ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്തി കഴിയുമ്പോൾ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ നേരെയുള്ളയിടത്ത് ലൈറ്റ് തെളിയും. മൂന്നു വോട്ടും 3 ബാലറ്റ് യൂണിറ്റിലായി രേഖപ്പെടുത്തി കഴിയുമ്പോൾ ബീപ് ശബ്ദം കേൾക്കും. അപ്പോൾ രേഖപ്പെടുത്തിയതായി കണക്കാക്കാം. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് ആറു വരെയാണ്.