
തിരുവനന്തപുരം: വായ്‌പാ ഇടപാടുകാരുടെ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (സിബിൽ) കൈമാറിത്തുടങ്ങിയതോടെ, കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ (കെ.എഫ്.സി) വായ്‌പാത്തിരിച്ചടവിൽ വൻ വർദ്ധന. 18,500 പേരുടെ വിവരങ്ങൾ ഇതുവരെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എഫ്.സി സിബിലിൽ അപ്‌ലോഡ് ചെയ്‌തു. ആയിരം പേരുടെ വിവരങ്ങളും ഉടൻ കൈമാറും.
പണം തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങളാണ് സിബിലിന് കൈമാറുന്നത്. ഇതറിഞ്ഞതോടെ വായ്‌പാ തിരിച്ചടയ്ക്കുന്ന പ്രവണത വർദ്ധിച്ചു. ഒറ്റത്തവണ തീർപ്പാക്കലിലൂടെ നേരത്തേ വായ്പ തിരിച്ചടച്ചവരും അവരുടെ സിബിൽ സ്‌കോർ മോശമാകുമെന്ന ഭയമുള്ളതിനാൽ മുഴുവൻ തുകയും തിരിച്ചടയ്ക്കാൻ തയ്യാറായി എത്തുന്നുണ്ടെന്ന് കെ.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.
സിബിൽ സ്‌കോർ
വായ്‌പാ ഇടപാടുകാർക്ക് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ നൽകുന്നതാണ് ക്രെഡിറ്റ് സ്‌കോർ. ഈ രംഗത്ത് വിവിധ ഏജൻസികളുണ്ടെങ്കിലും ഇന്ത്യയിലെ ശ്രദ്ധേയർ ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ അഥവാ സിബിൽ ആണ്.
300 മുതൽ 900 വരെയാണ് സ്‌കോർ. 750നുമേൽ സ്‌കോറുള്ളവർക്കേ പൊതുവേ ബാങ്കുകൾ വായ്‌പ അനുവദിക്കൂ. വായ്‌പ കൃത്യമായി തിരിച്ചടയ്ക്കാതിരിക്കുക, പുനഃക്രമീകരിക്കുക, ഒറ്റത്തവണ തീർപ്പാക്കുക, എഴുതിത്തള്ളുക എന്നിവ ഉപഭോക്താവിന്റെ സ്‌കോർ കുറയ്ക്കുകയേയുള്ളൂ.
പരാതി പരിഹരിക്കാൻ നടപടി
സിബിൽ പരാതി പരിശോധിക്കാൻ കെ.എഫ്.സി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കെ.എഫ്.സിയിലെ വായ്പാത്തിരിച്ചടവ് ഇതുവരെ 1,241 കോടി രൂപയാണ്. കഴിഞ്ഞവർഷത്തെ സമാനകാലത്ത് ഇത് 710 കോടി രൂപയായിരുന്നു.
ഈവർഷം വായ്‌പാ വിതരണം ഇതുവരെ 2,389 കോടി രൂപയാണ്. കഴിഞ്ഞവർഷത്തെ 521 കോടി രൂപയിൽ നിന്നാണ് കുതിപ്പ്. ഈടില്ലാതെ ഒരുലക്ഷം രൂപവരെ നൽകുന്ന സംരംഭക പദ്ധതിയിൽ ഇതുവരെ 8,000 അപേക്ഷകൾ ലഭിച്ചു. ഇതിന്റെ പരിശോധന നടക്കുകയാണ്. ഇലക്‌ട്രിക് വാഹന വായ്‌പയ്ക്കും മികച്ച പ്രതികരണമുണ്ട്.