des07a

ആറ്റിങ്ങൽ: ചിറയിൻകീഴ് ബ്ലോക്കിൽപ്പെട്ട ആറ് പഞ്ചായത്തുകളിലെയും ആറ്റിങ്ങൽ നഗരസഭയിലെയും തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച ഒരു മണിയോടെ പൂർത്തിയായി.

ചിറയിൻകീഴ് ബ്ലോക്കിൽപ്പെട്ട കടയ്ക്കാവൂർ,​ അഞ്ചുതെങ്ങ്,​ വക്കം,​ കിഴുവിലം,​ ചിറയിൻകീഴ്, ​ മുദാക്കൽ പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് നടന്നത്. ഇതുസംബന്ധിച്ച് വിലയിരുത്തൽ നടത്താൻ ജില്ലാ കളക്ടർ നവജ്യോത് ഖോസയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആറു കെട്ടിടങ്ങളിലാണ് വിതരണം ക്രമീകരിച്ചിരുന്നത്. അതുകൊണ്ട് തിക്കും തിരക്കും ഒഴിവാക്കാനായതായും പൊലീസിന്റെ അവസരോചിതമായ ഇടപെടൽ കാരണം ട്രാഫിക് പ്രശ്നങ്ങൾ ഒഴിവാക്കാനായതായും തഹസിൽദാർ ആർ. മനോജ് പറഞ്ഞു.

ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ 31 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ചിറയിൻകീഴ് ബ്ലോക്കിൽ 135 പോളിംഗ് സ്റ്റോഷനുകളുണ്ട്. ഒരു ബൂത്തിൽ അഞ്ച് പോളിംഗ് ഓഫീസർമാരും രണ്ട് പൊലീസുകാരുമാണ് ഡ്യൂട്ടിക്കായുള്ളത്. എല്ലാപേരും അതാത് പോളിംഗ് സ്റ്റേഷനിൽ എത്തിയെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സി.ഐ ഷാജി പറഞ്ഞു.

ബസും മിനി ടെമ്പോകളും ഉൾപ്പെടെ ചിറയിൻകീഴ് ബ്ലോക്കിലേക്ക് 80 സ്വകാര്യ വാഹനങ്ങളാണ് പോളിംഗ് ഓഫീസർമാർക്ക് ബൂത്തുകളിലേക്ക് പോകാൻ ബോയ്സ് ഹൈസ്കൂളിൽ ഒരുക്കിയിരുന്നു.

അ‍ഞ്ചുതെങ്ങ് പഞ്ചായത്തിൽ നാല് ബൂത്തുകളും കടയ്ക്കാവൂർ പഞ്ചായത്തിൽ ഒരു ബൂത്തുമാണ് പ്രശ്നബാധിതമായി കണക്കാക്കിയിട്ടുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. ഇതിൽ അഞ്ചു മണിക്ക് ശേഷം കൊവിഡ് പോസിറ്റിവായവർക്ക് ബൂത്തുകളിൽ എത്താമെന്നും അവരെ പ്രത്യേകം റൂമിൽ സുരക്ഷിതരായി ഇരുത്തി മറ്റുള്ളവർ വോട്ടു ചെയ്ത് മടങ്ങിയ ശേഷം വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കുമെന്നും തഹസിൽദാർ പറഞ്ഞു.