k-surendran

തിരുവനന്തപുരം: കേട്ടുകേൾവിയില്ലാത്ത തരത്തിൽ കേരളത്തിൽ ജനാധിപത്യത്തിന്റെ ശ്രീകോവിലുകൾ കളങ്കപ്പെടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. സ്വർണക്കള്ളക്കടത്തിൽ പ്രതികൾ നൽകിയ രഹസ്യമൊഴി ഭരണഘടനാപദവിയിലിരിക്കുന്ന ഉന്നതരിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അത് ആരാണെന്ന ചോദ്യത്തിന്, അയാൾക്ക് ഈശ്വര നാമമാണെന്ന് സുരേന്ദ്രൻ മറുപടി നൽകി.ഭരണ സംവിധാനമാകെ സ്വർണക്കടത്തിന് കൂട്ടുനിന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മുദ്രവച്ച കവറിൽ കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചത്. പ്രതികളുടെ രഹസ്യമൊഴി പുറത്തുവരുമ്പോൾ മുഖ്യമന്ത്രിക്കും ചില മന്ത്രിമാർക്കും ഭരണഘടനാ പദവിയിലിരിക്കുന്നവർക്കും രാജിവയ്ക്കേണ്ടിവരും. ഗ്രീൻചാനൽ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഹവാലയും റിവേഴ്സ് ഹവാലയും നടത്താൻ കള്ളക്കടത്തുകാരെ സഹായിച്ചത്. ഇതു സംബന്ധിച്ച ഒരു ചോദ്യത്തിനും മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും ഉത്തരം നൽകുന്നില്ല. സി.പി.എം കേന്ദ്ര നേതൃത്വത്തിനും കുറ്റകരമായ മൗനമാണ്.

ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ട വിഷയം തീർക്കാനാണ് മുഖ്യമന്ത്രി ധർമ്മടത്തേക്ക് പോയത്. സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുംമുമ്പ് അദ്ദേഹം ധർമ്മടത്ത് പോയത് പലതും ഒതുക്കിത്തീർക്കാനാണ്. ലാവ്‌‌ലിൻ കേസിൽ പിണറായി വിജയനെ സഹായിച്ചത് കോൺഗ്രസായിരുന്നു. തിരുവനന്തപുരം കോർപറേഷനിൽ മൂന്നിൽ രണ്ട് സീറ്റുകളും എൻ.ഡി.എ നേടുമെന്നും സുരേന്ദ്രൻ പറ‌ഞ്ഞു.